Breaking News

പരപ്പ–കാലിച്ചാമരം റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധം റോഡ് തകർന്നിട്ട് വർഷങ്ങൾ; അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം


പരപ്പ: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ പരപ്പ–കാലിച്ചാമരം ജില്ലാ പഞ്ചായത്ത് റോഡിലെ തകർന്ന ഭാഗങ്ങൾ അടച്ചും കുഴികളിൽ വാഴ നട്ടും നാട്ടുകാരുടെ പ്രതിഷേധം. റോഡ് അറ്റകുറ്റപ്പണിയിൽ അധികൃതർ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതിനെതിരെയാണ് കോളംകുളത്തെ നാട്ടുകാരുടെ പൊതു നവമാധ്യമ കൂട്ടായ്മയായ ‘ബ്രദേഴ്സ് കോളംകുളം’ വാട്സ്ആപ്പ് കൂട്ടായ്മ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ബിരിക്കുളം ആർ.ടി.ഒ. ഗ്രൗണ്ട് മുതൽ കുമ്പളപ്പള്ളി വരെയുള്ള ഭാഗങ്ങളിൽ റോഡ് പൂർണമായും തകർന്ന നിലയിലാണ്. നിരവധി തവണ നാട്ടുകാരും മാധ്യമങ്ങളും വിഷയത്തിൽ വാർത്തകളും നിവേദനങ്ങളും നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് വ്യത്യസ്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം കോളംകുളത്ത് റോഡിലെ കുഴിയിൽ വീണ് ഒരു യുവാവിന്റെ കാലിന് പരിക്കേറ്റ സംഭവവും ഉണ്ടായി. ഇതിന് പുറമെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടും ജില്ലാ പഞ്ചായത്തോ ബന്ധപ്പെട്ട അധികൃതരോ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

ഏഴ് പതിറ്റാണ്ടിലേറെയായി ജനങ്ങൾ ഉപയോഗിക്കുന്ന ഈ റോഡ് ഇന്നും പൂർണമായും ഗതാഗതയോഗ്യമാക്കാൻ അധികൃതർക്ക് കഴിയാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. റോഡിലെ കുഴികൾ അടച്ച് മേക്കാഡം ടാറിങ് നടത്തി റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡ് അടിയന്തരമായി നവീകരിച്ച് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാർ അറിയിച്ചു.

No comments