Breaking News

എയിംസ്, മലയോര ഹൈവേയിലെ യാത്രാദുരിതം ഉൾപ്പെടെ കാസർഗോഡിന്റെ വികസന വിഷയങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് രാജ്മോഹൻ ഉണ്ണിത്താൻ എം.പി


കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിലെ പ്രധാന വികസന, ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി കാസർഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ. ജില്ലയുടെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ആവശ്യമായ വിവിധ വിഷയങ്ങൾ ഉന്നയിച്ച് നിവേദനം സമർപ്പിക്കുകയും വിശദമായ ചർച്ച നടത്തുകയും ചെയ്തു.

കാസർഗോഡ് ജില്ലയിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് പ്രധാനമായും ചർച്ച ചെയ്തത്. എയിംസ് സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങൾക്ക് മുഖ്യമന്ത്രി നിർലോഭമായ പിന്തുണ അറിയിച്ചതായും തുടർനടപടികൾക്കായി ആവശ്യമായ ഇടപെടലുകളുടെ സാധ്യത ചർച്ച ചെയ്തതായും രാജ്മോഹൻ ഉണ്ണിത്താൻ അറിയിച്ചു.

എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ ഉന്നയിച്ചു. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന എൻഡോസൾഫാൻ സെൽ യോഗം പുനരാരംഭിക്കണമെന്ന ആവശ്യത്തെ തുടർന്ന് യോഗം പുനരാരംഭിക്കുമെന്നും ദുരിതബാധിതരുടെ ചികിത്സയ്ക്ക് യാതൊരുവിധ തടസ്സവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി  വി.ഡി. സതീശൻ ഉറപ്പുനൽകിയതായി എം.പി. വ്യക്തമാക്കി.

ശ്രീ രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം ഉമ്മൻചാണ്ടി സർക്കാർ നടപ്പിലാക്കിയ കാസർഗോഡ് വികസന പാക്കേജിന് കൂടുതൽ തുക അനുവദിച്ച് ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകണമെന്ന ആവശ്യവും ഉന്നയിച്ചു. ഇക്കാര്യത്തിൽ അനുകൂലമായ ഉറപ്പ് ലഭിച്ചതായും അറിയിച്ചു.

മലയോര ഹൈവേ കടന്നുപോകുന്ന വനമേഖലകളിലെ റോഡുകളുടെ ശോച്യാവസ്ഥയും എം.പി. ശ്രദ്ധയിൽപ്പെടുത്തി. പ്രത്യേകിച്ച് മരുതോം, കാറ്റാംകവല, പള്ളഞ്ചി മേഖലകളിൽ റോഡ് തകർന്നതിനെ തുടർന്ന് യാത്രാദുരിതം രൂക്ഷമാണ്. വനംവകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഏകോപനത്തോടെ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തിലും അടിയന്തര പരിഹാരം ഉണ്ടാക്കാമെന്ന് വി.ഡി. സതീശൻ ഉറപ്പുനൽകിയതായി രാജ്മോഹൻ ഉണ്ണിത്താൻ അറിയിച്ചു.

എയിംസ് സ്ഥാപിക്കൽ, എൻഡോസൾഫാൻ ദുരിതബാധിതരുടെ ചികിത്സയും ക്ഷേമവും, കാസർഗോഡ് വികസന പാക്കേജിന്റെ വിപുലീകരണം, മലയോര ഹൈവേയിലെ യാത്രാദുരിതത്തിന് പരിഹാരം തുടങ്ങിയ വിഷയങ്ങളാണ് എം.പി. കൂടിക്കാഴ്ചയിൽ പ്രധാനമായും ഉന്നയിച്ചത്.

No comments