Breaking News

സേവന വഴിയിൽ വേറിട്ട മാതൃകയുമായി പെരിയങ്ങാനം ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്


പെരിയങ്ങാനം : സേവന വഴിയിൽ വേറിട്ട മാതൃകയുമായി നാടിന് വെളിച്ചമേകുകയാണ് ഒരു കൂട്ടായ്മ. പെരിയങ്ങാനത്തെ ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് വ്യത്യസ്തങ്ങളായ നിരവധി പ്രവർത്തനങ്ങളോടുകൂടി നാടിനോട് ചേർന്നു നിൽക്കുന്നത്. കുമ്പളപള്ളി മുതൽ പെരിയങ്ങാനം റേഷൻകട വരെ ഉള്ള പ്രധാന റോഡിൻ്റെ ഇരുവശവും കാട് മൂടിക്കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. വാഹനങ്ങൾക്കും കാൽനടയാത്രികർക്കും വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്ന ഈ പ്രശ്നത്തിന് പരിഹാരം ആയാണ് ഒരുകൂട്ടം ചെറുപ്പക്കാർ പണിആയുധങ്ങളുമായി റോഡിൽ ഇറങ്ങിയത് ക്ലബ്ബിന്റെ നേതൃത്വത്തിൽ 25 ഓളം ചെറുപ്പക്കാർ കാടു കൊത്തുന്ന യന്ത്രവും കത്തികളും ഒക്കെയായി റോഡിൽ ഇരുവശവും പടർന്നു പന്തലിച്ചു നിൽക്കുന്ന കാടുകൾ വെട്ടി മാറ്റി. റോഡരികിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും ഒക്കെ ഇവർ നീക്കി. കലാപരമായും കായികപരമായും നാട്ടിലെ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ക്ലബ്ബ് ഇതിനകം തന്നെ ചികിത്സാ സഹായങ്ങളും മറ്റ് കാരുണ്യ പ്രവർത്തനങ്ങളുമായി ജനമനസ്സിൽ ഇടം നേടിയിരിക്കുകയാണ്. അതോടൊപ്പം തന്നെയാണ് കേരളപ്പിറവി ദിനത്തിൽ ഇങ്ങനെയൊരു ശുചീകരണവുമായി ക്ലബ്ബിൻറെ പ്രവർത്തകർ മുന്നിട്ടിറങ്ങിയത്. റോഡിന് ഇരുവശവും താമസിക്കുന്ന നാട്ടുകാരുടെ നിർലോഭമായ പിന്തുണയും സഹകരണവും കൂടി പ്രസ്തുത ഉദ്യമത്തിന് ഉണ്ടായിരുന്നു.

സെക്രട്ടറി സുധീഷ്, പ്രസിഡൻ്റ് അജേഷ്, പ്രവർത്തകരായ രാധാകൃഷ്ണൻ, മനേഷ് , അജിത്ത്, ഹരിഹരൻ , ജിനീഷ്, സുധീഷ് ബാബു, അതുൽരാജ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

No comments