Breaking News

മഞ്ചേശ്വരത്ത് വൻ കുഴൽപ്പണവേട്ട; ബസിൽ നിന്നും 36 ലക്ഷം രൂപ പിടികൂടി


മഞ്ചേശ്വരം അതിര്‍ത്തിയില്‍ വന്‍ കുഴല്‍പ്പണവേട്ട. മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും രേഖകളില്ലാതെ കടത്തുകയായിരുന്ന 36,47,000 രൂപ പിടികൂടി. സംഭവത്തില്‍ അഭിജിത്ത് ഗോപാല്‍ ചോപഡെ എന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ആറരയോടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.കെ സജിത്തിന്റെ നേതൃത്വത്തില്‍ ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്. കാസര്‍കോട്ടെ ഒരു ജ്വല്ലറിയില്‍ കൊടുക്കാനായാണ് പണം കൊണ്ടു വന്നതെന്നാണ് പ്രതി മൊഴി നല്‍കിയിട്ടുള്ളതെന്നും സ്ഥിരമായി കുഴല്‍പ്പണം കടത്തുന്നയാളാണ് പിടിയിലായതെന്നും എക്‌സൈസ് അറിയിച്ചു. അസി.എക്സൈസ് ഇന്‍സ്‌പെക്ടര്‍ ജെ.ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.പീതാംബരന്‍, ടി.ജയരാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോണ്‍സണ്‍ പോള്‍, സജിത്കുമാര്‍, ഷമീല്‍, മഹേഷ് എന്നിവരാണ് പണക്കടത്ത് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

No comments