Breaking News

മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു


 കാസര്‍കോട് ജില്ലയിലെ മത്സ്യബന്ധനമേഖലയ്ക്ക് ഉത്തേജനം പകര്‍ന്ന് ഏറെകാലത്തെ കാത്തിരിപ്പിന് ശേഷം മഞ്ചേശ്വരം തുറമുഖം യാഥാര്‍ത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു. 

 കോയിപ്പാടി, ഷിറിയ, ബങ്കര മഞ്ചേശ്വരം എന്നീ മത്സ്യഗ്രാമങ്ങളിലെ ഏകദേശം പതിനായിരത്തോളം പേരാണ് തുറമുഖ പദ്ധതിയുടെ ഗുണഭോക്താക്കളാവുക.  250 കോടി രൂപ വിലമതിക്കുന്ന പതിനായിരം ടണ്‍ മത്സ്യോല്‍പാദനത്തിന് സാഹചര്യമുണ്ടാവും. തുറമുഖം പ്രാവര്‍ത്തികമാവുന്നതോടെ പ്രദേശത്തെ 1200ലധികം മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യക്ഷമായും 4800ലധികം പേര്‍ക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും. മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിപണനത്തിനും കയറ്റുമതിയിലും ഏര്‍പ്പെട്ട അനുബന്ധ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതിനും പദ്ധതി സഹായകരമാവും.

48.13 കോടി രൂപയുടെ പദ്ധതി

മഞ്ചേശ്വരം തുറമുഖ പദ്ധതിയുടെ മൊത്തം ചെലവ് 48.80 കോടി രൂപയാണ്. ഇതില്‍ 75 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്. പദ്ധതിക്കായി ഇതുവരെ 48.13 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. പദ്ധതിക്കുള്ള കേന്ദ്രസര്‍ക്കാര്‍ വിഹിതം ഇത് വരെ ലഭിച്ചിട്ടില്ല. പൂനെയിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസേര്‍ച്ച് സ്റ്റേഷന്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഹാര്‍ബര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. മഞ്ചേശ്വരം, പുഴകള്‍ ഒന്നിച്ച് ചേരുന്ന അഴിമുഖത്താണ് പദ്ധതി നടപ്പിലാക്കിയത്. നൗകാശയത്തോട് ചേര്‍ന്ന് മുസോടി ഭാഗത്ത് 8.92 ഏക്കറും ഹൊസബെട്ടു ഭാഗത്ത് 2.85 ഏക്കറുമടക്കം 11.77 ഏക്കര്‍ സ്ഥലമാണ് നിര്‍മാണപ്രവര്‍ത്തികള്‍ക്കായി ഡ്രഡ്ജിങ് നടത്തിയത്.

 മത്സ്യബന്ധനയാനങ്ങള്‍ക്ക് കരയ്ക്കടുപ്പിക്കുന്നതിന് ശാന്തമായ നൗകാശയം ലഭ്യമാക്കുന്നതിനായി യഥാക്രമം 490 മീറ്റര്‍, 530 മീറ്റര്‍ നീളത്തില്‍ പൊഴിയുടെ തെക്കും വടക്കുമായി രണ്ട് പുലിമുട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്. 275 ബോട്ടുകള്‍ക്ക് ഉപയോഗിക്കാനുള്ള സൗകര്യമാണ് വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിയുടെ അനബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മുസോടി ഭാഗത്ത് നികത്തിയെടുത്ത സ്ഥലത്താണ്. യന്ത്രവല്‍കൃത ബോട്ടുകള്‍ക്കായി 80 മീറ്ററും ചെറുവള്ളങ്ങള്‍ അടുപ്പിക്കുന്നതിന് 20 മീറ്ററുമുള്‍പ്പെടെ 100 മീറ്ററിലുള്ള വാര്‍ഫും ലേലപ്പുരയും നിര്‍മിച്ചിട്ടുണ്ട്. അപ്രോച്ച് റോഡ്, പാര്‍ക്കിങ് ഏരിയ, ഗിയര്‍ ഷെഡ്, നെറ്റ് മെന്റിങ് ഷെഡ്, വര്‍ക്ക് ഷോപ്പ്, ഷോപ്പ് ബില്‍ഡിങ്, റെസ്റ്റ് ഷെഡ്, ടോയ്‌ലറ്റ് ബ്ലോക്ക്, ജലസംഭരണി, ഗെയ്റ്റ് ഹൗസ്, വൈദ്യുതീകരണം തുടങ്ങിയ എല്ലാ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

സംസ്ഥാന ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് കാസര്‍കോട് ജില്ലയില്‍ നിലവില്‍ രണ്ട് മത്സ്യബന്ധന തുറമുഖ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.

No comments