Breaking News

ഉദുമ എംഎൽഎ കെ. കുഞ്ഞിരാമനെതിരെ കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് പ്രകടനം


കാസർകോട്: ഉദുമ എംഎൽഎ കെ. കുഞ്ഞിരാമനെതിരെ കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ്. പെരിയയിൽ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ച് നടന്ന പ്രകടനത്തിലാണ് യൂത്ത് കോൺഗ്രസിന്റെ കൊലവിളി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് കല്യോട്ട് വെച്ച് കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം ചരമ വാർഷികം നടന്നത്. അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ എത്തിച്ചേർന്നിരുന്നു. കല്യോട്ടേയ്ക്ക് പ്രകടനവുമായെത്തിയ ഒരു കൂട്ടം പ്രവർത്തകരാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയത്. പ്രകടനത്തിൽ സിപിഎം നേതാക്കൾക്കെതിരെയും കൊലവിളി ഉയർന്നു.


‘നിന്റെ നാളുകൾ എണ്ണപ്പെട്ടു’ എന്ന മുദ്രാവാക്യം ഉയർത്തിയ പ്രവർത്തകരെ തടയാൻ യൂത്ത് കോൺഗ്രസ് നേതാക്കൾ തയ്യാറായില്ല. കേസിലെ മുഖ്യപ്രതി സിപിഎം ലോക്കൽ കമ്മറ്റി അംഗമായിരുന്ന പീതാംബരന് എതിരെയും പ്രകടനത്തിൽ മുദ്രാവാക്യം വിളികൾ ഉയർന്നിരുന്നു. സംഭവത്തിൽ പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.

No comments