Breaking News

അശ്ലീല വെബ്‌സീരിസിൽ അഭിനയിപ്പിച്ചു; സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റിൽ


തിരുവനന്തപുരം: ഭീഷണിപ്പെടുത്തി അശ്ലീല വെബ്‌സീരിസില്‍ അഭിനയിപ്പിച്ചെന്ന പരാതിയില്‍ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍. തിരുവനന്തപുരം അരുവിക്കര പൊലീസാണ് ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. കേസില്‍ ലക്ഷ്മിയുടെയും സഹായിയുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി നേരത്തേ തള്ളിയിരുന്നു. യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയിലാണ് ലക്ഷ്മിയുടെ അറസ്റ്റ്. യുവാവിന്റെ പരാതിയില്‍ ഒടിടി പ്ലാറ്റ്‌ഫോം ഉടമകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ യുവാവ് ലക്ഷ്മിക്കെതിരെയും ഒടിടി പ്ലാറ്റ്‌ഫോമിനെതിരെയും പരാതിയുമായി രംഗത്തെത്തിയത്. അശ്ലീല ചിത്രമാണെന്ന് ആദ്യം പറഞ്ഞിരുന്നില്ല. സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷം കരാറില്‍ ഒപ്പുവെപ്പിച്ചു. പിന്നീട് അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നെന്നാണ് യുവാവിന്റെ പരാതി. അരുവിക്കരയിലെ ആളൊഴിഞ്ഞ ഒരു ഫഌറ്റില്‍ വച്ചായിരുന്നു സീരീസിന്റെ ചിത്രീകരണം. മൊബൈല്‍ റേഞ്ച് പോലും സ്ഥലത്തുണ്ടായിരുന്നില്ല. അശ്ലീലചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംവിധായിക ആവശ്യപ്പെട്ടെന്നും യുവാവ് പറഞ്ഞിരുന്നു. അതേസമയം, 90 ശതമാനം നഗ്‌നതയാവാമെന്ന് യുവാവുമായി കരാറുണ്ടെന്നാണ് ലക്ഷ്മി അവകാശപ്പെട്ടിരുന്നത്. സീരിസില്‍ അഭിനയിച്ച യുവാവ് അടക്കമുള്ള അഭിനേതാക്കള്‍ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയതാണെന്നും സംവിധായിക പറഞ്ഞിരുന്നു.

No comments