Breaking News

മദനോത്സവത്തിലെ തീപ്പാട്ട് ഹിറ്റായി ആലപിച്ചത് ബളാൽ മുണ്ടമാണിയിലെ കുമ്പ


വെള്ളരിക്കുണ്ട്: ഹിറ്റ് ചാർട്ടിൽ ഇടം നേടി പ്രദർശനം തുടരുന്ന സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത 'മദനോത്സവം' എന്ന ചിത്രത്തിലെ "തീ പാറുന്നേ.." എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടുമ്പോൾ കാസർകോട് ബളാൽ മുണ്ടമാണി നിവാസികൾക്കും അഭിമാനിക്കാം. ഗായകൻ ആനന്ദ് ശ്രീരാജിനോടൊപ്പം ഈ ഗാനം ആലപിച്ചത് മുണ്ടമാണി കോളനിയിലെ കെ.കുമ്പയാണ്. ചിത്രത്തിൻ്റെ സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യർ മുണ്ടമാണിയിലെ കുമ്പയുടെ വീട്ടിൽ എത്തിയാണ് ഗാനം റെക്കോർഡ് ചെയ്തത്. കുമ്പ പാടിയ "നെഞ്ചകത്തായിരം ചിന്തകത്തീ.." എന്ന ഗാനത്തിൻ്റെ വരികൾ എഴുതിയത് വൈശാഖ് സുഗുണനാണ്. പ്രായത്തിൻ്റെ അവശതകൾ മറന്ന് ഊർജ്ജസ്വലയായാണ് കുമ്പ ഗാനം ആലപിച്ചത്. 

ബളാൽ കുഴിങ്ങാട്ടെ പള്ളിച്ചി പാടിയ "ഒബേലേ.." എന്ന വരികളും ഗാനത്തിന് മേമ്പൊടിയായി ചേർത്തു വച്ചിട്ടുണ്ട്. സൈന മ്യൂസിക് പുറത്തിറക്കിയ ഗാനം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.

പാട്ടിൻ്റെ ലിങ്ക്: https://youtu.be/RybQEOVGIYs

റിപ്പോർട്ട്: ചന്ദ്രു വെള്ളരിക്കുണ്ട്

No comments