മാലോത്ത് കസബയിൽ പ്രത്യേക പഠന പരിപോഷണ പദ്ധതി 'ദ്യുതി' സെമിനാറും രക്ഷകർതൃ സംഗമവും നടത്തി
മാലോം : ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ മാലോത്ത് കസബയിൽ പ്രത്യേക പഠന പരിപോഷണ പദ്ധതിയായ ദ്യുതി സ്കൂൾ തല സെമിനാറും രക്ഷകർതൃ സംഗമവും പദ്ധതിയുടെ സമാപന സമ്മേളനവും നടത്തി.
ദ്യുതി എന്ന പേരിൽ മാലോത് കസബ സ്കൂളിൽ ഒക്ടോബർ മുതൽ നടന്നു വന്നിരുന്ന പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായുള്ള സ്കൂൾ തല സെമിനാറും രണ്ടാം രക്ഷ കർതൃ സംഗമവും പദ്ധതിയുടെ സമാപന സമ്മേളനവും സംയുക്തമായി നടത്തപ്പെട്ടു .
സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ ഗുണമേന്മ ഉയർത്തുക എന്ന ലക്ഷ്യം മുൻനിർത്തി പോഡ് വിദ്യാഭ്യാസ വകുപ്പ് രൂപകൽപന ചെയ്ത പദ്ധതിയാണ് പ്രത്യേക പഠന പരിപോഷണ പദ്ധതി അഥവാ സ്പെഷ്യൽ എന്റൈച്മെന്റ് പ്രോഗ്രാം . ആദിവാസി ,തോട്ടം, തീരദേശ മേഖലകളിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. കാസർഗോഡ് ജില്ലയിൽ ഈ പദ്ധതി നടപ്പിലാക്കുന്ന ആറു സ്കൂളുകളിൽ ഒന്ന് മാലോത് കസബ സ്കൂളാണ് . ഗോത്ര വർഗ വിദ്യാർഥികൾ കൂടുതലായി പഠിക്കുന്ന സ്കൂളായതു കൊണ്ടാണ് മാലോത് കസബ സ്കൂളിനെ ഈ പദ്ധതിക്കായി തെരഞ്ഞെടുത്തത്.
പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം 2025 ഒക്ടോബർ 13 -ആം തിയ്യതിയാണ് നടത്തിയത് . ഉദ്‌ഘാടനം തന്നെ വേറിട്ട രീതിയിലാണ് നടത്തപ്പെട്ടത് . വിദ്യാർത്ഥികളായ ശ്രീരാജ് കെ എം , ദിവ്യ എന്നിവർ സംയുക്തമായി ദീപം തെളിയിച്ചാണ് ദ്യുതി എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നടത്തിയത്. തുടർന്ന് പദ്ധതിയുടെ ഭാഗമായി പല ദിവസങ്ങളിലായി വളരെ വിപുലമായ പരിപാടികളാണ് സ്കൂളിൽ നടത്തിയത്.
ഇംഗ്ലീഷ്, ഗണിതം , ശാസ്ത്രം സൈബർ മേഖല , കായിക ക്ഷമത , ആരോഗ്യവും ഭക്ഷണശീലങ്ങളും എന്നീ വിഷയങ്ങളിലായി എട്ടോളം ഏകദിന ശില്പശാലകളാണ് പരിപോഷണ പദ്ധതിയുടെ ഭാഗമായി നടത്തിയത്. ഇംഗ്ലീഷ് പഠനം ലക്ഷ്യമാക്കി ഒരു ദ്വിദിന സഹവാസ ക്യാമ്പ്, തൊഴിലധിഷ്ഠിത ജീവിത നൈപുണ്യം ലക്ഷ്യമാക്കി മറ്റൊരു രണ്ടു ദിന റെസിഡന്റിൽ ക്യാമ്പ് , കായിക മേഖലയിൽ കുട്ടികൾക്കു ഉണർവ് നൽകുന്നതിനായി രണ്ടു ദിന കായിക ശില്പശാല , രണ്ടു ദിവസം നീണ്ടു നിന്ന കലാ പ്രവർത്തി പരിചയ ശില്പശാല എന്നിവയും പദ്ധതിയുടെ ഭാഗമായി സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. ഇതിന്റെ എല്ലാം അവസാനം കാസർഗോഡ് ജില്ലയിലെ വ്യാവസായിക , ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് ഒരു ഏകദിന പഠന യാത്രയും നടത്തുകയുണ്ടായി.
ഇങ്ങനെ വളരെ വിപുലമായി ഒക്ടോബർ മാസം മുതൽ സ്കൂളിൽ നടന്ന പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ സ്കൂൾ തല സെമിനാറും , രണ്ടാം രക്ഷാകർതൃ സമ്മേളനവും പദ്ധതിയുടെ സമാപനവുമാണ് ഇന്ന് സംഘടിപ്പിക്കപ്പെട്ടത്. ചിറ്റാരിക്കാൽ എ ഇ ഒ ശ്രീമതി ജസീന്ത ജോൺ ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിന് സ്വാഗതം പറഞ്ഞത് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലീജ കെ വി യും , അധ്യക്ഷത വഹിച്ചത് സ്കൂൾ പി ടി എ വൈസ് പ്രസിഡന്റ് ശ്രീമതി ജാനു നാരായണനുമാണ് . സീനിയർ അസിസ്റ്റന്റ് ശ്രീമതി ബീന ചാക്കോ , സ്റ്റാഫ് സെക്രട്ടറി ശ്രീ മാർട്ടിൻ ജോർജ് , യു .പി എസ് .ആർ. ജി കൺവീനർ ശ്രീമതി രമ്യ എം.ഡി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പദ്ധതിയുടെ സ്കൂൾ കോർഡിനേറ്റർ ശ്രീ ജോർജ് ജോസഫ് പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ സ്കൂൾ തല സെമിനാർ അവതരിപ്പിച്ചു. പദ്ധതിയുടെ കൺവീനറും ഹൈ സ്കൂൾ എസ്.ആർ.ജി കൺവീനറുമായ ശ്രീമതി ഷിജി എം .ജി നന്ദി പറഞ്ഞ യോഗം അവസാനിപ്പിച്ചു. തുടർന്ന് ഉച്ച ഭക്ഷണത്തിനു ശേഷം റിട്ടയേർഡ് എ.ഇ.ഒ ശ്രീ ഗംഗാധരൻ പി രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് എടുത്തു.
ഈ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് കുട നിർമാണം , സോപ്പ് നിർമാണം , ഗ്ലാസ് പെയിന്റിംഗ്, മുളയുപയോഗിച്ചുള്ള ഉത്പന്നങ്ങൾ , കരകൗശല വസ്തുക്കളുടെ നിർമാണം, ചിരട്ടയുപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണം ,ഫയൽ,പേപ്പർ ബാഗ് എന്നിങ്ങനെ ഒട്ടനവധി മേഖലകളിൽ പരിശീലനം ലഭിക്കുകയുണ്ടായി. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ഈ കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ നല്ല അവസരങ്ങളാണ് ഈ പദ്ധതിയിലെ പരിപാടികളിൽകൂടി ലഭിച്ചത്.
No comments