Breaking News

ആനകളെ ദ്രോഹിക്കുന്നതിനെതിരായ മാതൃക യന്ത്ര ആന ഗുരുപുരം അർജുനനെ നടയ്‌ക്കിരുത്തി


കാഞ്ഞങ്ങാട്ആനകളെ ദ്രോഹിക്കുന്നതിനെതിരെ മാതൃകയുമായി ഗുരുപുരം മഹാവിഷ്ണുക്ഷേത്രം. ജില്ലയിൽ ആദ്യമായി ഒരു ക്ഷേത്രത്തിലേക്ക് യന്ത്ര ആനയെ നടയ്ക്കിരുത്തി. 'ഗുരുപുരം അർജുനൻ' എന്ന് പേരിട്ട 11 അടി ഉയരമുള്ള യന്ത്ര ആനയെ ആയിരക്കണക്കിന് ഭക്തരെ സാക്ഷിയാക്കിയാണ് ക്ഷേത്രത്തിന് കൈമാറിയത്. പീപ്പിൾ ഫോർ ദ് എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽ(പെറ്റ ഇന്ത്യ)സും ബോളിവുഡ് താരം റിച്ച ചദ്ദയും ചേർന്നാണ് ആനയെ നൽകിയത്. നടി റിച്ച ചദ്ദയും തന്ത്രി ഇരിവൽ കൃഷ്ണദാസ് വാഴുന്നവരും ചേർന്നാണ് ക്ഷേത്രത്തിലേക്ക് സമർപ്പണം നടത്തിയത്. 800 കിലോ ഭാരമാണ് ആനയ്ക്ക്. മോട്ടറുകളുടെ സഹായത്തോടെ തലയും കണ്ണും വായയും ചെവിയും വാലും ചലിപ്പിക്കാനാകും. 5 മോട്ടറുകൾ ഉപയോഗിച്ചാണ് ചലിപ്പിക്കുക. തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലാണ്. സ്വിച്ചിട്ടാൽ തുമ്പിക്കൈയിൽനിന്ന് വെള്ളവും ചീറ്റും. 4പേർക്ക് ആനപ്പുറത്ത് ഇരിക്കാനാകും. ഇരുമ്പു കൊണ്ടുള്ള ചട്ടക്കൂടിനുപുറത്ത് റബ്ബർ ഉപയോഗിച്ചാണ് ആനയെ നിർമിച്ചത്. ക്ഷേത്ര ചടങ്ങുകളിലും എഴുന്നള്ളത്തിലും യഥാർഥ ആനയ്ക്ക് പകരമായി യന്ത്ര ആനയെ ഉപയോഗിക്കാനാകും. ക്ഷേത്ര പ്രസിഡന്റ് കുഞ്ഞിരാമൻ അയ്യങ്കാവ് അധ്യക്ഷനായി. മേൽശാന്തി രഘുറാം ഭട്ട്, രക്ഷാധികാരി മാധവൻനായർ, ബാലൻ പരപ്പ, പെറ്റ ഇന്ത്യ ഭാരവാഹികളായ സച്ചിൻ ബങ്കര, സൗപർണ സാന്റോ, വിനോദ് അറുംകൊടൽ, ഗോപാലൻ കണ്ണോത്ത്, കെ ടി കൃഷ്ണൻ, കുഞ്ഞമ്പുനായർ, പി വി കുഞ്ഞിക്കണ്ണൻ കോട്ടപ്പാറ, ഭാസ്കരൻ അട്ടേങ്ങാനം, ഗിരിജ വാസു എന്നിവർ സംസാരിച്ചു. സംസ്ഥാന കർഷക അവാർഡ് ജേതാവ് കെ സാവിത്രി മീങ്ങോത്തിനെ ആദരിച്ചു. കെ കെ റാം സ്വാഗതവും രാജീവൻ ഗുരുപുരം നന്ദിയും പറഞ്ഞു. ബേളൂർ ശിവക്ഷേത്ര മാതൃസമിതിയുടെ തിരുവാതിരയുംഅരങ്ങേറി.

No comments