Breaking News

നാടിന്റെ സ്‌നേഹസദ്യ.. തൃക്കരിപ്പൂർ ഇടയിലെക്കാട് കാവിൽ മനം നിറഞ്ഞുണ്ട്‌ വാനരപ്പട


തൃക്കരിപ്പൂർ : കാവിന്റെ ഓരംചേർന്ന് ഒരുക്കിയ മേശകളിൽ അവർ പതിവുപോലെയെത്തി നിലയുറപ്പിച്ചു. കാരറ്റും പപ്പായയും ചക്കയും തക്കാളിയും കക്കിരിക്കയും വെള്ളരിക്കയുമൊക്കെയടങ്ങിയ സമൃദ്ധമായ ഓണസദ്യ വിളമ്പിയപ്പോൾ അവർ ആവേശത്തോടെ എല്ലാം അകത്താക്കി. സാധാരണ കിട്ടാത്ത പഴുത്തചക്കച്ചുളകൾ ആർത്തിയോടെയാണ് വാനരസംഘം വായിലാക്കിയത്. വാനർക്കായി ഇടയിലെക്കാട് കാവിൽ ഒരുക്കുന്ന പത്തൊന്പതാമത്തെ ഓണസദ്യയാണിത്.സിനിമാതാരം പി പി കുഞ്ഞികൃഷ്ണൻ കുട്ടികളുടെ ഘോഷയാത്രയിൽ ഓണപ്പാട്ടുകളും ശാസ്ത്രഗാനങ്ങളും ആലപിച്ച് സദ്യയ്ക്ക് താരപ്പൊലിമ പകർന്നു. വാനരപ്പടയെ വിളിച്ച് വാഴയിലയിൽ ഉപ്പുചേർക്കാത്ത ചോറ് വിളമ്പി സദ്യവട്ടങ്ങൾക്ക് തുടക്കമിട്ടതും കുഞ്ഞികൃഷ്ണൻ തന്നെ. മനുഷ്യരോട് ഏറെ ഇണക്കമുള്ള ഇടയിലെക്കാട് കാവിലെ വാനരൻമാർക്ക് രണ്ടു പതിറ്റാണ്ടായി മുടങ്ങാതെ ചോറൂട്ടിയ ചാലിൽ മാണിക്കമ്മയുടെ വീട്ടിൽനിന്നാണ് സദ്യയ്ക്കുള്ള പഴങ്ങളും പച്ചക്കറികളും മുറിച്ചത്. പത്തൊമ്പതാം വർഷത്തിലേക്ക് കടന്ന വാനരസദ്യയിൽ 19 വിഭവങ്ങളാണ് വിളമ്പിയത്. ചോറിന് പുറമെ ചക്ക, കാരറ്റ്, പപ്പായ, തക്കാളി, ബീറ്റ്റൂട്ട്, കക്കിരി, വെള്ളരിക്ക, ഉറുമാൻ പഴം, പേരയ്ക്ക, സപ്പോട്ട, നെല്ലിക്ക, ചെറുപഴം, വത്തക്ക, പൈനാപ്പിൾ, സബർജില്ലി, മത്തൻ, കോവയ്ക്ക, നക്ഷത്രപ്പുളി എന്നിവയായിരുന്നു വട്ടത്തിലും നീളത്തിലുമൊക്കെയായി മുറിച്ച് വിളമ്പിയത്. ഹരിത പെരുമാറ്റംചട്ടം പാലിച്ച് സ്റ്റീൽ ഗ്ലാസ്സിൽ വെള്ളവും നൽകി. ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയാണ് സദ്യ ഒരുക്കിയത്. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ, ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സുനിൽ പട്ടേന, സെക്രട്ടറി പി വേണുഗോപാലൻ, പി വി ദിനേശൻ, സിനിമാനടൻ കെ യു മനോജ്, പത്മനാഭൻ വെളിച്ചപ്പാടൻ, പഞ്ചായത്തംഗം കെ സുലോചന, വി കെ കരുണാകരൻ, കെ സത്യവ്രതൻ, ആനന്ദ് പേക്കടം, കെ വി കൃഷ്ണപ്രസാദ് വൈദ്യർ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗവും ബാലവേദി
കൺവീനറുമായ എം ബാബു സ്വാഗതം പറഞ്ഞു.

No comments