കർഷകർക്ക് തിരിച്ചടി, തേങ്ങ വിലയും താഴേക്ക്; ഒരു മാസത്തിനിടെ പച്ചത്തേങ്ങയ്ക്കു കുറഞ്ഞത് കിലോയ്ക്കു 14 രൂപ
കാസർകോട് ∙ കോവിഡ് പ്രതിസന്ധിക്കിടെ കർഷകർക്ക് തിരിച്ചടിയായി തേങ്ങ വില കുത്തനെ കുറയുന്നു. പച്ചത്തേങ്ങയ്ക്കു കിലോയ്ക്കു 14 രൂപയും കൊപ്രയ്ക്കു 24 രൂപയുമാണ് ഒരു മാസത്തിനിടെ കുറഞ്ഞത്. മേയ് മാസം പകുതി വരെ ഒരു കിലോ പച്ചത്തേങ്ങയ്ക്കു 44 രൂപ വരെ വില ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ 30 രൂപയായി കുറഞ്ഞു. കിലോയ്ക്ക് 130 രൂപ വിലയുണ്ടായിരുന്ന കൊപ്രയ്ക്കു 106 രൂപയായും കുറഞ്ഞു. 180 രൂപ വരെ എത്തിയിരുന്ന ഉണ്ട കൊപ്രയ്ക്കാണ് ഏറ്റവും വലിയ വിലയിടിവുണ്ടായത്.
65 രൂപ കുറഞ്ഞ് 115 രൂപയായി. ലോക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതോടെ തേങ്ങ കൂടുതലായി വിപണിയിലെത്തുന്ന സമയമാണിത്. വില കുറഞ്ഞതോടെ, കോവിഡിൽ വലയുന്ന കർഷകർ കൂടുതൽ പ്രതിസന്ധിയിലായി. വളത്തിന്റെ വിലയും പണിക്കൂലിയും നൽകിക്കഴിഞ്ഞാൽ കർഷകർക്കു മിച്ചമൊന്നുമുണ്ടാകില്ല. കൃഷിഭവനുകൾ വഴിയുള്ള തേങ്ങ സംഭരണവും ഇപ്പോഴില്ല. കർണാടക മൈസൂരുവിൽ നിന്നു തേങ്ങ കൂടുതലായി എത്തുന്നതാണ് വിലയിടിവിനു കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
നേരത്തെ ഇളനീർ ഏറ്റവും കൂടുതൽ എത്തിയിരുന്നത് മൈസൂരുവിൽ നിന്നായിരുന്നു. കോവിഡ് കാരണം ഇളനീർ വിൽപന കുറയുകയും അത് തേങ്ങയായി വിപണിയിലെത്തുകയുമാണ്. കിലോയ്ക്കു 27 രൂപയ്ക്കാണ് അവിടെ തേങ്ങ ലഭിക്കുന്നത്. അത് ഇവിടെ എത്തുമ്പോൾ 30 രൂപയിൽ താഴെ മാത്രമേ ചിലവുള്ളൂ. കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ തേങ്ങയ്ക്കു 32 രൂപ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും അതുപോലും ലഭിക്കാത്ത സ്ഥിതിയിലാണ് കർഷകർ.
വെളിച്ചെണ്ണ വില കുറഞ്ഞില്ല
കൊപ്രയ്ക്കു വില കുറഞ്ഞെങ്കിലും അതുപയോഗിച്ച് ഉണ്ടാക്കുന്ന വെളിച്ചെണ്ണയ്ക്ക് ഒരു രൂപ പോലും കുറഞ്ഞിട്ടില്ല. പ്രമുഖ കമ്പനികളുടെ എണ്ണയെല്ലാം നേരത്തെയുണ്ടായിരുന്ന അതേ വിലയ്ക്കാണ് ഇപ്പോഴും വിൽക്കുന്നത്. ചില ബ്രാൻഡഡ് വെളിച്ചെണ്ണയ്ക്കു ലീറ്ററിനു 240 രൂപ വരെയുണ്ട്. നാടൻ വെളിച്ചെണ്ണയ്ക്കും ലീറ്ററിനു 220 രൂപയുണ്ട്.
No comments