Breaking News

കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്ന് മുതൽ ശമ്പളം നൽകി തുടങ്ങുമെന്ന് മാനേജ്മെൻ്റ് ആകെ 82 കോടിയാണ് ശമ്പളത്തിന് വേണ്ടത്


കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാർക്ക് ഇന്ന് മുതൽ ശമ്പളം നൽകി തുടങ്ങുമെന്ന് മാനേജ്മെന്റ് അറിയിച്ചു. സര്‍ക്കാര്‍ അനുവദിച്ച 30 കോടിയും കെഎസ്ആർടിസിയുടെ പക്കലുള്ള ഫണ്ടുമുപയോഗിച്ചാണ് ശമ്പള വിതരണം. ആകെ 82 കോടിയാണ് ശമ്പളത്തിന് വേണ്ടത്. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റായി തുകയെടുത്ത് ശമ്പളം നല്‍കാനാണ് ശ്രമം. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാകും ഇന്ന് ശമ്പളം നൽകുക.


ഇത്തവണ വിഷുവിനും ഈസ്റ്ററിനും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ടില്ല. ഈ മാസം ശമ്പളം ലഭിച്ചാലും സമര പരിപാടികള്‍ തുടരുമെന്നാണ് യൂണിയന്‍ നേതൃത്വം പറയുന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്ന കാരാര്‍ വ്യവസ്ഥ പാലിക്കപ്പെടണമെന്നതാണ് ആവശ്യം.


ഈ മാസം 28ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് സിഐടിയുവും ഐൻടിയുസിയും വ്യക്തമാക്കിയിട്ടുണ്ട്. അന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്ന് ബിഎംഎസും വ്യക്തമാക്കി. അംഗീകൃത സംഘടനയായ ഐഎന്‍ടിയുസി യുടെ നേതൃത്വത്തിലുള്ള ടിഡിഎഫും മെയ് ആറിന് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ അനിശ്ചിതകാല സത്യാഗ്രഹം സമരം നടത്തുമെന്ന് ടിഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.

No comments