Breaking News

കാസർകോടിന്റെ വികസന മുന്നേറ്റത്തിന് സർക്കാരും ധനകാര്യ വകുപ്പും ചുക്കാൻ പിടിക്കും; മന്ത്രി കെ.എൻ ബാലഗോപാൽ കാസർകോട് സബ് ട്രഷറി പുതിയ കെട്ടിടം മന്ത്രി നാടിന് സമർപ്പിച്ചു


കാസർകോട്: കാസര്‍കോടിന്റെ വികസന മുന്നേറ്റത്തിന് സര്‍ക്കാരും ധനം വകുപ്പും ചുക്കാന്‍ പിടിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.കാസര്‍കോട് സബ് ട്രഷറിക്കായി പുതിയതായി പണികഴിപ്പിച്ച കെട്ടിടം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്‌കില്‍ പാര്‍ക്കുകള്‍ക്കും ഫുഡ് പാര്‍ക്കുകള്‍ക്കുമെല്ലാം വളക്കൂറുള്ള മണ്ണാണ് കാസര്‍കോടെന്നും അത് ഭംഗിയായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക ഉത്പ്പന്നങ്ങളില്‍ നിന്നും മൂല്യ വര്‍ധിത ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കിയും കൂടുതല്‍ മികച്ച വ്യവസായങ്ങള്‍ ആരംഭിച്ചും  കൂടുതല്‍ ആദായം ലഭ്യമാകേണ്ടതുണ്ടെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. കൂടുതല്‍ പ്രവാസികളും കച്ചവടക്കാരുമുള്ള ജില്ലയായതിനാല്‍ നിക്ഷേപങ്ങള്‍ സമാഹരിക്കാന്‍ ജില്ലയ്ക്ക് എളുപ്പത്തില്‍ സാധിക്കും.


ട്രഷറികളുടെ കെട്ടും മട്ടും മാറുകയാണെന്നും ആധുനിക ബാങ്കുകളോട് കിടപിടിക്കുന്ന തരത്തില്‍ സംസ്ഥാനത്തെ ട്രഷറികള്‍ നവീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാവിധത്തിലുള്ള ആളുകളോടും സൗഹൃദമാക്കിയാണ് കെട്ടിടം പണിതതെന്നും ബയോമെട്രിക് സിസ്റ്റം, ഇ ഫയലിങ് സിസ്റ്റം, ഓണ്‍ലൈന്‍ ട്രഷറി സൗകര്യങ്ങള്‍, ഇ വാലറ്റ് സൗകര്യങ്ങള്‍ തുടങ്ങി നൂതനമായ എല്ലാ സൗകര്യങ്ങളും ട്രഷറികളില്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. 


സ്റ്റാറ്റിസ്റ്റിക്‌സ്  വിഭാഗത്തിന്റെ പുതിയ കണക്ക് പ്രകാരം കേരളം വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്തുന്നതില്‍ വിജയിച്ച സംസ്ഥാനമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റം രേഖപ്പെടുത്തിയത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, പൊതു വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സമസ്ത മേഖലകള്‍ക്കും സംസ്ഥാനം മാതൃകയാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. 


 കാസര്‍കോട് താലൂക്ക് കോംപൗണ്ടില്‍ നിര്‍മ്മിച്ച പുതിയ കെട്ടിട അങ്കണത്തില് നടന്ന ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. കാസര്‍കോട് സബ്ട്രഷറിയുടെ പുതിയ കെട്ടിടം നാടിന്റെ സന്തോഷമാണെന്ന് എം.എല്‍.എ പറഞ്ഞു. ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോട് ടി.സി. സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ സംസാരിച്ചു. ട്രഷറിക്ക് പുതിയ കെട്ടിടമാകുന്നതോടെ ഇടപാടുകാരായ സാധാരണക്കാര്‍ക്ക് അത് വലിയ ആശ്വാസമാകുമെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു.


ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, വൈസ്പ്രസിഡന്റ് ഷാനവാസ് പാദൂര്‍,  കാസര്‍ഗോഡ് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.എം. മുനീര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ  ഖാദര്‍ ബദരിയ, പി. ഹമീദ്, കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍ എംഎ.ശ്രീലത, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, കെ.രജനി, രഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി.കെ. ഫൈസല്‍, ഹരീഷ് ബി. നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ട്രഷറി വകുപ്പ് ഡയറക്ടര്‍ വി. സാജന്‍ സ്വാഗതവും ജില്ലാ ട്രഷറി ഓഫീസര്‍ കെ.ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു.



കാസര്‍കോട് സബ് ട്രഷറിക്ക് പുതുജീവന്‍


കാസര്‍കോട് സബ് ട്രഷറി കെട്ടിടത്തിന്റെ അപര്യാപ്തതയെ തുടര്‍ന്ന് താല്‍ക്കാലികമായി ജില്ലാ ട്രഷറഇ ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയായിരുന്നു. സര്‍ക്കാറിന്റെ ട്രഷറികളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലുള്‍പ്പെടുത്തി കാസര്‍കോട് സബ്ട്രഷറിക്ക് നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ഇടത്ത് തന്നെ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം നിര്‍മ്മിച്ച കെട്ടിടമാണ് ധനകാര്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തത്. 2,13,75,800 രൂപയുടെ ഭരണാനുമതിയും 1,80,60,000 രൂപ യുടെ സാങ്കേതികാനുമതിയും ലഭിച്ച കെട്ടിടം 347 സ്‌ക്വയര്‍ മീറ്റര്‍(3738 സ്‌ക്വയര്‍ഫീറ്റ്) വിസ്തൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 


കാസര്‍കോട് നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും മഞ്ചേശ്വരം മണ്ഡലത്തിലെ 4 പഞ്ചായത്തുകളും ഉദുമനിയോജക മണ്ഡലത്തിലെ ഒരു പഞ്ചായത്തും ചേര്‍ന്നതാണ് സബ്ട്രഷറിയുടെ പരിധി. 404 ഡി.ഡി.ഒമാരും 3102 പെന്‍ഷന്‍കാരും 5831 ടി.എസ്.ബി അക്കൗണ്ടുകളും 15991 ഫിക്‌സഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകളും ഇവിടെ കൈകൈര്യം ചെയ്തു വരുന്നു. ഇതോടൊപ്പം അഞ്ച് സ്റ്റാമ്പ് വെണ്ടര്‍മാര്‍ വഴി മുദ്രപേപ്പര്‍ വിതണവും നടത്തി വരുന്നുണ്ട്.

No comments