Breaking News

'മദ്യപിച്ചിരുന്നതിന്റെ പേരിൽമാത്രം ഇൻഷുറൻസ് തുക നിഷേധിക്കാനാകില്ല'; വാഹനാപകടത്തിന്റെ കാരണം നോക്കണമെന്ന് ഹൈക്കോടതി


കൊച്ചി: വാഹനാപകടത്തില്‍ പെടുന്ന ആള്‍ മദ്യപിച്ചിരുന്നതിന്റെ പേരില്‍ മാത്രം ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. അമിത അളവില്‍ മദ്യം കഴിച്ച് അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെങ്കില്‍ മാത്രമേ ആനുകൂല്യം നിഷേധിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. അപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിയായ സര്‍ക്കാര്‍ ജീവനക്കാരന്റെ ആശ്രിതര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസി പ്രകാരം അര്‍ഹമായ ഏഴു ലക്ഷം രൂപ നല്‍കാനുള്ള ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍ ഉത്തരവിനെതിരെ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

2009ല്‍ ദേശീയപാതയിലൂടെ ബൈക്കില്‍ സഞ്ചരിക്കവെയായിരുന്നു ഇറിഗേഷന്‍ വകുപ്പില്‍ ജീവനക്കാരനായിരുന്ന യുവാവ് മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ടൂറിസ്റ്റ് ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. വില്ലേജ് ഓഫീസര്‍ തയ്യാറാക്കിയ ലൊക്കേഷന്‍ സ്‌കെച്ചില്‍ ബൈക്ക് യാത്രക്കാരന്‍ ശരിയായ വശത്തുകൂടെയാണ് പോയതെന്ന് വ്യക്തമാക്കിയിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും രക്തരാസപരിശോധനാ റിപ്പോര്‍ട്ടിലും ബൈക്ക് ഓടിച്ചിരുന്നയാളുടെ ശരീരത്തില്‍ നിയമപ്രകാരം അനുവദനീയമായ അളവില്‍ മദ്യമുള്ളതായി കണ്ടെത്തിയതാണ് ഇന്‍ഷുറന്‍സ് തുക നിഷേധിക്കാന്‍ കാരണമായത്.

അമിത അളവില്‍ മദ്യം കഴിച്ച് അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെങ്കില്‍ മാത്രമേ ആനുകൂല്യം നിഷേധിക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. അളവിനേക്കാള്‍ അപ്പുറം മദ്യത്തിന്റെ സ്വാധീനം ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. ചിലപ്പോള്‍ വളരെ കുറച്ച് മദ്യം കഴിച്ചയാള്‍ കൂടുതല്‍ ഉപയോഗിച്ച ആളേക്കാള്‍ ലഹരിയിലായിരിക്കും. അത് ഓരോരുത്തരുടെയും ആരോഗ്യത്തെയും ശേഷിയെയും ആശ്കയിച്ചാകുമെന്നും ഇക്കാര്യത്തില്‍ പൊതുമാനദണ്ഡം സ്വീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

No comments