Breaking News

സ്പീക്കറുടെ ഓഫീസിന് മുന്നിൽ അസാധാരണ പ്രതിഷേധം; വാച്ച് ആന്റ് വാർഡ് തിരുവഞ്ചൂരിനെ കയ്യേറ്റം ചെയ്‌തെന്ന് പ്രതിപക്ഷം


തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഓഫീസിന് മുന്നില്‍ അസാധാരണ പ്രതിഷേധം. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ സത്യാഗ്രഹം നടത്താനെത്തിയ യുഡിഎഫ് എംഎല്‍എമാരെ തടയാന്‍ വാച്ച് ആന്റ് വാര്‍ഡ് എത്തിയതോടെയാണ് ബഹളമുണ്ടായത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍ എത്തിയത്.വാച്ച് ആന്റ് വാര്‍ഡ് തിരുവഞ്ചൂരിനെ കയ്യേറ്റം ചെയ്‌തെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഭരണപക്ഷ എംഎല്‍എമാരും ഓഫീസിന് മുന്നിലെത്തി. തുടര്‍ന്ന് പ്രതിപക്ഷ- ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ വാച്ച് ആന്റ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ അംഗങ്ങളെ ഓരോരുത്തരെയായി ബലം പ്രയോഗിച്ച് മാറ്റി.

വാച്ച് ആന്റ് വാര്‍ഡ് സനീഷ് കുമാര്‍ എംഎല്‍എയെ കയ്യേറ്റം ചെയ്‌തെന്നും പ്രതിപക്ഷം ആരോപിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം കുഴഞ്ഞുവീണു. നിയമസഭയിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ചു. സ്പീക്കറുടെ ഓഫീസിനു മുന്നില്‍ നിന്ന് പിരിഞ്ഞ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഓഫീസില്‍ ചേര്‍ന്നിരിക്കുകയാണ്. പ്രതിപക്ഷം പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുകയാണ്.


No comments