Breaking News

"വിയോജിക്കുന്നു സർ, ഇത് മലയോരമാണ്.." ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസിൻ്റെ മറുപടി


വെള്ളരിക്കുണ്ട്: ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാൽ ഡിവിഷൻ അംഗം ജോമോൻ ജോസ് ജില്ലാ കളക്ടർക്ക് നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലായി. മഴ പെയ്താൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന തെറ്റിദ്ധാരണയാണുള്ളത് എന്നുള്ള ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി മഴ പെയ്താൽ മലയോരത്തെ സാഹചര്യത്തെക്കുറിച്ചും, പ്രകൃതി ദുരന്ത സാധ്യതകളും ചൂണ്ടിക്കാട്ടി ജോമോൻ നൽകിയ മറുപടി പോസ്റ്റ്‌ ഇതിനോടകം ഒട്ടേറെ പേർ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത് കഴിഞ്ഞു.


ജോമോൻ ജോസിൻ്റെ പോസ്റ്റിൻ്റെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു;

ബഹുമാന്യനായ കാസർഗോഡ് 

ജില്ലാ കളക്റ്റർ ഇമ്പശേഖർ അവറുകൾക്ക് 

ഒരു തുറന്ന കത്ത്.


സർ ,

സുഖമെന്നു കരുതുന്നു. ആദ്യമേ പറയട്ടെ ,അങ്ങയുടെ ഇന്നലത്തെ ഫേസ്ബുക്ക് പോസ്റ്റിനോട് പൂർണമായി വിയോജിക്കുന്നു.  അതുമായി ബന്ധപെട്ടു ഒന്ന് രണ്ടു കാര്യങ്ങൾ സൂചിപ്പിക്കാനാണ് സർ ഇ കത്ത്.

ഒരു മഴ കണ്ടാൽ ഉടൻ സ്കൂളുകൾക്ക് അവധി വേണമെന്ന ഒരു തെറ്റിദ്ധാരണയും ഒരു വാശിയും ഇവിടൊരു രക്ഷിതാവിനോ , പി റ്റി എ കമ്മിറ്റികൾക്കോ , അധ്യാപകർക്കോ , ജനപ്രതിനിധികൾക്കോ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. 


ഒരു ദിവസം പോലും മുടങ്ങാതെ കുട്ടികൾ സ്കൂളുകളിൽ പോകണമെന്നും , പഠിക്കണമെന്നും തന്നെയാണ് ഞങളുടെ എല്ലാവരുടെയും ആഗ്രഹവും. പക്ഷെ, കുട്ടികളുടെ ജീവനും സുരക്ഷിതത്വവും പഠനത്തേക്കാളും മറ്റെന്തിനേക്കാളും വിലമതിക്കേണ്ടതാണന്ന ധാരണയും ഞങ്ങൾക്കുണ്ട്.


മലയോരത്തെ ഒരു ജനപ്രതിനിധി എന്ന നിലയിൽ ചിലത് പറയാതിരിക്കാൻ ആവില്ല.

വനാതിർത്തിയോട് ചേർന്ന , വലിയ മലയും കുന്നും പുഴയും താത്കാലികമായി കെട്ടിയുണ്ടാക്കിയ തൂക്കു പാലങ്ങളും കടന്ന് കിലോമീറ്ററുകൾ താണ്ടി, നടന്നു വരുന്ന / വാഹനത്തിനു വരുന്ന എത്രയോ കുട്ടികൾ ഇന്നും മലയോരത്തുണ്ട്. രണ്ടു ദിവസം അടുപ്പിച്ചു മഴ പെയ്യുമ്പോൾ രൂപപ്പെടുന്ന ചെറിയ ഉറവകൾ പോലും കുട്ടികളെ തട്ടി വീഴുത്താൻ ശക്തിയുള്ളവയാണ്.

ഈ നാട്ടിൽ തന്നെ രണ്ടു പ്രധാനപ്പെട്ട ഗവൺമെന്റ്  സ്കൂളുകളുടെ മതിലുകൾ ഈ ദിവസങ്ങളിൽ പകൽ സമയത്ത്‌ ഇടിഞ്ഞു വീഴുകയുണ്ടായി.


ഇന്ന് നമ്മൾ കാണുന്ന മേഘ സ്ഫോടനമെന്നും , ചക്രവാത ചുഴിയെന്നും ഒക്കെ ഓമനപ്പേരിട്ട് വിളിക്കുന്ന, കലിതുള്ളി പെയ്യുന്ന കോരിച്ചൊരിയുന്ന മഴകൾ ഈ മേഖലകളിൽ രക്ഷിതക്കളിലും കുട്ടികളിലും സൃഷ്ട്ടിക്കുന്ന ഭീതി ചെറുതല്ല സർ.


എന്തെകിലും ഒരു അത്യാഹിതം സംഭവിച്ചിട്ട് വിലപിച്ചിട്ട് എന്താണ് സാർ കാര്യം. അത് സംഭവിക്കാതെ നോക്കൽ അല്ലെ സാർ ഉചിതം.

ഞാൻ അവസാനിപ്പിക്കുകയാണ് സർ, സ്കൂളുകൾക്ക് ഒരു പ്രവർത്തി ദിനം പോലും നഷ്ട്ടമാകാൻ പാടില്ല സർ. ഇനി വരുന്ന രണ്ടാം ശനി അടക്കമുള്ള ദിവസങ്ങളിലും സ്കൂളുകൾ പ്രവർത്തി ദിവസമാക്കുന്നതിലും ഞങൾക്ക് ആർക്കും എതിർപ്പില്ല. പക്ഷെ കാലവർഷം ഇതുപോലെ കലിതുള്ളുമ്പോൾ , ഞങളുടെ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കാൻ നിർബന്ധിക്കരുത് സർ.


ചുമര് ഉണ്ടെകിൽ അല്ലെ സർ  ചിത്രം വരയ്ക്കാൻ കഴിയൂ.

സ്നേഹപൂർവ്വം, 

ജോമോൻ ജോസ്

മെമ്പർ , ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാൽ ഡിവിഷൻ 

9447393393

No comments