സംസ്ഥാനത്തെ ബസുകളുടെ ത്രൈമാസ വാഹന നികുതി പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ
തിരുവനന്തപുരം : സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോണ്ട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ദീർഘകാലമായി കുടിശ്ശികയുള്ള മോട്ടോർ വാഹന നികുതി തുക തവണകളായി അടയ്ക്കുന്നതിന് എല്ലാവിധ വാഹന ഉടമകൾക്കും അനുവാദം നല്കിതായും മന്ത്രി അറിയിച്ചു.
സംസ്ഥാന സർക്കാറിന്റെ "സാന്ത്വന സ്പർശം' അദാലത്തില് പങ്കെടുത്ത നിരവധി ആളുകളുടെ ഒരാവശ്യമായിരുന്നു കുടിശ്ശിക വാഹന നികുതി അടയ്ക്കാന് സാവകാശം അനുവദിക്കണമെന്നത്. നികുതി കുടിശ്ശികയായതിനാല് വാഹനം ഓടിക്കാന് സാധിക്കാതെ പ്രയാസം അനുഭവിക്കുന്ന നിരവധി വാഹന ഉടമകള്ക്ക് ആശ്വാസം നല്കുന്നതാണ് ഈ തീരുമാനം. എല്ലാ വിധത്തില്പെട്ട വാഹന ഉടമകൾക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്. താഴെ പറയും പ്രകാരമാണ് തവണകൾ അടയ്കാന് സാവകാശം നല്കിയിട്ടുള്ളത്.
1. 6 മാസം മുതല് 1 വർഷം വരെയുള്ള കുടിശ്ശിക അടയ്ക്കുന്നതിന് - 2021 മാർച്ച് 20 മുതല് ആറ് പ്രതിമാസ തവണകൾ.
2. 1 വർഷം മുതല് 2 വർഷം വരെയുള്ള കുടിശ്ശിക തുക അടയ്ക്കുന്നതിന് - 2021 മാർച്ച് 20 മുതല് എട്ട് പ്രതിമാസ തവണകള്.
3. 2 വർഷം മുതല് 4 വർഷം വരെയുള്ള കുടിശ്ശിക തുക അടയ്ക്കുന്നതിന് - 2021 മാര്ച്ച് 20 മുതല് പത്ത് പ്രതിമാസ തവണകള്.
നാല് വര്ഷത്തില് കൂടുതല്കാലം കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്ക്ക് 30% മുതല് 40% വരെ ബാധകമായ ഇളവുകളോടെ കുടിശ്ശിക തുക അടച്ച് തീര്ക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021 മാര്ച്ച് 31 വരെ നിലവിലുണ്ട്. റവന്യൂ റിക്കവറി നടപടി നേരിടുന്നവര്, വാഹനം നഷ്ടപ്പെട്ടവര്, വാഹനം പൊളിച്ചവര് എന്നിവര്ക്കും ഈ പദ്ധതി പ്രകാരം ഇളവുകളോടെ കുടിശ്ശിക നികുതി തുക അടയ്ക്കാവുന്നതാണ്.
ഇന്ധന വിലയിൽ വന്ന വൻ വർദ്ധനവിനും കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട ദുരിതങ്ങൾക്കുമിടയിൽ സർക്കാർ അനുവദിച്ച ഈ ആനുകൂല്യങ്ങള് വളരെ സഹായകരമാണെന്നും വാഹന ഉടമകൾ ഉപയോഗപ്പെടുത്തേണ്ടതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

No comments