Breaking News

നായാട്ട് സംഘത്തിലെ മൂന്നുപേർ കീഴടങ്ങി ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ.വി രതീഷ് (35), ശ്രീധരൻ (60), കെ.സതീശൻ (41) എന്നിവരാണ് കീഴടങ്ങിയത്


പിക്കപ്പ് ജീപില്‍ നായാട്ടിനിറങ്ങിയ സംഘത്തില്‍ നിന്ന് ഒമ്പത് നാടന്‍ തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ മൂന്നുപേര്‍ കോടതിയില്‍ കീഴടങ്ങി. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ.വി രതീഷ് (35), ശ്രീധരന്‍ (60), കെ.സതീശന്‍ (41) എന്നിവരാണ് കീഴടങ്ങിയത്. ഇതേ പരിധിയിലെ കെ.വി വിജയന്‍ (59) നേരത്തേ അറസ്റ്റിലായിരുന്നു. ഫെബ്രുവരി 18ന് കുന്നുംകൈ ഏച്ചിലാംകയത്ത് വെച്ചാണ് വിജയനെയും തോക്കുകളും പിടികൂടിയത്. സ്വകാര്യ എസ്റ്റേറ്റില്‍ മൃഗങ്ങളെ വേട്ടയാടാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. വന്യമൃഗ വേട്ടയ്ക്ക് ഉപയോഗിക്കുന്ന ഒമ്പത് ഒറ്റക്കുഴല്‍ തോക്കുകളാണ് അന്ന് പിടികൂടിയത്. ഈയ്യം കൊണ്ട് നിര്‍മ്മിച്ച മൂന്ന് വലിയ ഉണ്ടകള്‍, 30 ഇടത്തരം ഉണ്ടകള്‍, 61 ചെറിയ ഉണ്ടകള്‍, എട്ട് തിരകള്‍ എന്നിവയും കസ്റ്റഡിയിലെടുത്തിരുന്നു. വിജയന്റെ കൂടെയുണ്ടായിരുന്നവര്‍ അന്ന് ഓടിരക്ഷപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ റിക്ഷ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. കീഴടങ്ങിയവരെ റിമാന്‍ഡ് ചെയ്തു. ഇനിയും കൂടുതല്‍ പേര്‍ പിടിയിലാവാനുണ്ടെന്നാണ് വനപാലകര്‍ പറയുന്നത്.

No comments