Breaking News

'ബുക്ക്മേറ്റ്സ്-2024' പുസ്‌തകങ്ങളോട് കൂട്ടുചേർന്ന കുഞ്ഞുവായനക്കാർ ചിറ്റാരിക്കാലിൽ ഒത്തുചേർന്നു


ചിറ്റാരിക്കാൽ: പുസ്‌തകങ്ങളോട് കൂട്ടുചേർന്ന കുഞ്ഞുവായനക്കാർ ചിറ്റാരിക്കാലിൽ ഒത്തുചേർന്നു. വായിച്ച പുസ്‌തകങ്ങളിലൂടെ പുതിയൊരു ലോകത്തേക്കെത്തിയ ഇവർ തങ്ങളുടെ വായനാനുഭവങ്ങളും പരസ്പരം പങ്കുവച്ചു. ലൈബ്രറി കൗൺസിൽ ഈസ്‌റ്റ് എളേരി പഞ്ചായത്ത് നേതൃസമിതി അവധിക്കാലത്ത് നടത്തിയ വായനാ ചലഞ്ചിൽ പങ്കെടുത്തവരാണ് ബുക്ക്മേറ്റ്സ്-2024 എന്ന പേരിൽ ഒത്തുചേർന്നത്.


പരിപാടിയുടെ ഉദ്ഘാടനം ഈസ്‌റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻ്റ് ജോസഫ് മുത്തോലി നിർവഹിച്ചു. ചടങ്ങിൽ ലൈബ്രറി കൗൺസിൽ ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി.കെ.മോഹനൻ അധ്യക്ഷനായി. കുട്ടികൾ എഴുതി തയ്യാറാക്കിയ ആസ്വാന കുറിപ്പുകളുടെ പ്രകാശനവും നടത്തി. വായനാ ചാലഞ്ചിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച കമ്പല്ലൂർ ജിഎച്ച്എസ്എസിനും, സിആർസി ഗ്രന്ഥശാലയ്ക്കും ഏർപ്പെടുത്തിയ മാത്യു മാഞ്ഞൂർ സ്മാരക പുരസ്കാരങ്ങളുടെ വിതരണം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി.പ്രഭാകരനും, ചാലഞ്ച് വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ.ആർ.സോമനും നിർവഹിച്ചു. വായനാ പാലഞ്ച് മെന്റർ കെ.ആർ.ലതാഭായി ചാലഞ്ച് അവലോകനം നടത്തി. കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ.പി.ബൈജു, വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രേറിയൻ ബിനോയ് മാത്യു, സിആർസി ലൈബ്രറി പ്രസിഡൻ്റ് കെ.പി.ദാമോദരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗങ്ങളായ കെ. ഗോവിന്ദൻ, ടി.വി.കൃഷ്ണൻ, നേതൃസമിതി കൺവീൻ പി.ഡി.വിനോദ് എന്നിവർ പ്രസംഗിച്ചു.


പഞ്ചായത്തിലെ 13 ഗ്രന്ഥശാലകളെ കോർത്തിണക്കി ഇക്കഴിഞ്ഞ അവധിക്കാലത്താണ് വായനാ ചാലഞ്ച് നടത്തിയത്. ഇതിലെ വിജയികളായ 165 കുട്ടികളെ പങ്കെടുപ്പിച്ചാണ് ബുക്ക്‌മേറ്റ്സ് ഒരുക്കിയത്. ഇതോടനുബന്ധിച്ചു നടത്തിയ ചാലഞ്ച് സംഗമത്തിൽ ബിആർസി ക്ലസ്റ്റർ കോ ഓർഡിനേറ്റർ ജിതേഷ് കമ്പല്ലൂർ മോഡറേറ്ററായി.


വിദ്യാർഥികളായ നയന പ്രസാദ്, ശ്രേയ പ്രജീഷ്, കെ.എസ്.സുകന്യ, കെ.വി.ദേവനന്ദ, ഒ.ടി.ഫർസാന, സിൻസ വിനോദ്, കെ.അനുഗ്രഹ, റോഷിന ജോമോൻ, ആൻ ജോസഫ്, നാദിയ അഷറഫ്, ആഞ്ചലീന റെജി എന്നിവർ വായനാനുഭവങ്ങൾ പങ്കുവച്ചു.

No comments