Breaking News

പള്ളിക്കരയിലെ വീട്ടിലെ പട്ടാപ്പകൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ


പള്ളിക്കരയിലെ വീട്ടില്‍ നിന്നും പട്ടാപ്പകല്‍ രണ്ടര ലക്ഷത്തോളം രൂപയുടെ സ്വര്‍ണമാല മോഷ്ടിച്ച മോഷ്ടാവ് അറസ്റ്റില്‍. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശി ആസിഫിനെയാണ് നീലേശ്വരം സിഐ കെ വി ഉമേഷന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്. ഐ ടി വിശാഖും സംഘവും  അറസ്റ്റ് ചെയ്തത്. മോഷണം നടന്ന വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളമാണ് പ്രതിയെ എളുപ്പത്തില്‍ പിടികൂടാന്‍ പോലീസിനെ സഹായകമായത്. പള്ളിക്കര സെന്റ് ആന്‍സ് യുപി സ്‌കൂളിന് സമീപം കച്ചവടം നടത്തുന്ന മേലത്ത് സുകുമാരന്റെ വീട്ടില്‍ നിന്നുമാണ് ചൊവ്വാഴ്ചഉച്ചക്ക് ഒന്നേമുക്കാലോടെ കവര്‍ച്ച നടന്നത് . സുകുമാരന്റെ ഭാര്യ കടയില്‍ ഭര്‍ത്താവിന് ഭക്ഷണം കൊണ്ടുകൊടുത്തു വന്ന ശേഷം അയല്‍പക്കത്തെ വീട്ടമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കെ കള്ളന്‍ അടുക്കള ഭാഗത്തെ ഗ്രില്‍സ് തുറന്ന് മതില്‍ ചാടി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ ഉടന്‍ നീലേശ്വരം പോലീസ് സ്റ്റേഷൻ  എസ്‌ഐ മാരായ ടി വിശാഖ്, മധുസൂദനന്‍ മടിക്കൈ എന്നിവരുടെ നേതൃത്വത്തില്‍ നീലേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.തുടര്‍ന്ന് നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലൂടെയാണ് മോഷണം നടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പിടികൂടാന്‍ ആയത്. 

No comments