ഇരിക്കൂര്‍ കുഞ്ഞാമിന കൊലപാതകക്കേസ്: പ്രതികളായ അമ്മയും മകളും 10 വര്‍ഷത്തിന് ശേഷം സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ പിടിയില്‍
കണ്ണൂർ: കോളിളക്കം സൃഷ്ടിച്ച കണ്ണൂർ ഇരിക്കൂർ, കുഞ്ഞാമിന കൊലക്കേസ് പ്രതികൾ അറസ്റ്റിൽ. ന്യൂദെൽഹി, നാങ്ങ്ളോയിയിലെ നസീർ അലിയുടെ ഭാര്യ പർവീൺ ബാനു (55), മകൾ സക്കീന ഫാത്തിമ (32) എന്നിവരെയാണ് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ തന്ത്രപരമായ അന്വേഷണത്തിൽ അറസ്റ്റു ചെയ്തത്.
ഇരിക്കൂർ സ്റ്റേഷൻ പരിധിയിലെ സിദ്ദിഖ് നഗർ സ്വദേശിനിയായ കുഞ്ഞാമിന (60) അതിക്രൂരമായി കൊല്ലപ്പെട്ടത്. വസ്ത്രവ്യാപാരികളെന്ന വ്യാജേനയാണ് പർവീൺ ബാനുവും മകളും കുഞ്ഞാമിനയുടെ വീട്ടിനു സമീപത്ത് വാടകവീട്ടിൽ താമസം ആരംഭിച്ചത്. ഹൈദരാബാദ് സ്വദേശികളാണെന്നും സൗമ്യ രംഗാപാല എന്നാണ് പേരെന്നുമാണ് വീട്ടുടമയോട് പറഞ്ഞിരുന്നത്. മകളുടെ പേര് സമീറയെന്നുമാണ് പറഞ്ഞിരുന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ അമ്മയും മകളും കുഞ്ഞാമിനയുമായി അടുപ്പം സ്ഥാപിച്ചു. സംഭവദിവസം രാവിലെ കുഞ്ഞാമിന വാടകവീട്ടിൽ എത്തിയപ്പോൾ വയറിനും നെഞ്ചത്തും കഴുത്തിനും മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം മരണം ഉറപ്പാക്കി. തുടർന്ന് കുഞ്ഞാമിനയുടെ കഴുത്തിൽ ഉണ്ടായിരുന്ന രണ്ടരപ്പവൻ സ്വർണ്ണമാലയും കയ്യിലുണ്ടായിരുന്ന ഒരു വളയും പണവും കവർച്ച ചെയ്തു രക്ഷപ്പെട്ടുവെന്നാണ് കേസ്.
ആന്ധ്രാപ്രദേശിൽ സമാനമായ മറ്റൊരു കൊലക്കേസിൽ പ്രതികളായ ശേഷമാണ് അമ്മയും മകളും കേരളത്തിൽ എത്തിയത്. കൊലപാതകത്തിനു ശേഷം കാസർകോട്, മലപ്പുറം, വയനാട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലും തെലുങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിലും മാറി മാറി താമസിച്ചു.
2024ൽ ആണ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറിയത്.
തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ഏഴു ഭാഷകൾ പ്രതികൾക്ക് അറിയാമെന്ന് പൊലീസ് പറഞ്ഞു.
എസ്.പിയുടെ നേതൃത്തിൽ ഡിവൈഎസ്.പി സുധീർ കല്ലൻ, കണ്ണൂർ റൂറൽ പൊലീസിലെ എസ്ഐ അബ്ദുൽ റഹൂഫ്, എസ്ഐ ഗിരീഷ്, എസ്ഐ സുധീഷ്, എഎസ്ഐ മഞ്ജുള എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ മധ്യപ്രദേശിലെ ഉജ്ജയിനിയിൽ വച്ച് പിടികൂടിയത്. മധ്യപ്രദേശ് പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.
No comments