യന്ത്ര തകരാറിനെ തുടർന്ന് റോഡിൽ കുടുങ്ങിയ ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവിനു ഗുരുതര പരിക്ക്
കാസർകോട്: യന്ത്ര തകരാറിനെ തുടർന്ന് റോഡിൽ കുടുങ്ങിയ ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവിനു ഗുരുതര പരിക്ക്. യുവാവിനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ കാസർകോട് -കാഞ്ഞങ്ങാട് കെ എസ് ടി പി റോഡിലെ പള്ളിക്കരയിലാണ് അപകടം. മംഗ്ളൂരു ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ലോറി. പള്ളിക്കരയിൽ എത്തിയപ്പോൾ യന്ത്ര തകരാർ ഉണ്ടായി ലോറി നടുറോഡിൽ കുടുങ്ങി. തുടർന്ന് ഡ്രൈവറും ക്ലീനറും ചേർന്ന് തകരാർ പരിഹരിക്കുന്നതിനു ശ്രമം നടത്തുന്നതിനിടയിൽ എത്തിയ സ്കൂട്ടർ ആണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ പിന്നിലിടിച്ച സ്കൂട്ടറിന്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ പത്തുമിനിറ്റു കഴിഞ്ഞാണ് അതുവഴി എത്തിയ ഒരു വാഹനത്തിൽ കയറ്റി ഉദുമയിലെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചത്. ഇതിനിടയിൽ പൊലീസും സ്ഥലത്തെത്തി. പരിക്ക് ഗുരുതരമായതിനാൽ യുവാവിനെ പിന്നീട് കാസർകോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റി.പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്കൂട്ടറിന്റെ ആർ സി ഓണർ ഒരു വനിതയാണെന്നു കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ യുവാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവാകാനിരിക്കുന്നതേയുള്ളൂ.
No comments