Breaking News

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ചെമ്പരിക്ക ബീച്ച് ജില്ലാ കലക്ടർ സന്ദർശിച്ചു


ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ചെമ്പരിക്ക ബീച്ച് ജില്ലാ കലക്ടർ സന്ദർശിച്ചു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ബീച്ചിൽ വിനോദസഞ്ചാരികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം . സന്ദർശകർക്ക് ശുചിമുറികൾ ഒരുക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള എംസിഎഫുകൾ ചെമ്മനാട് പഞ്ചായത്ത് നൽകും. പാർക്കിംഗ് സംവിധാനം ഒരുക്കുന്നതിനും നടപടി സ്വീകരിക്കും
ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടുംപഞ്ചായത്ത് മെമ്പർമാരും ബീച്ചിലെ നിലവിലെ സാഹചര്യം വിശദീകരിച്ചു


ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രശസ്തമായ ചെമ്പരിക്ക ബീച്ച് മുഖച്ഛായ മാറാനൊരുങ്ങുകയാണ് . ബീച്ചിന്റെ സൗന്ദര്യവൽക്കരണത്തിനായി 89,71,340 രൂപയുടെ വികസന പദ്ധതികൾക്ക് ടൂറിസം വകുപ്പ് ഭരണാനുമതി നൽകിയിരുന്നു. നിലവിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുള്ള ഈ പ്രദേശത്ത്, സന്ദർശകരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് കണക്കിലെടുത്താണ് വിപുലമായ വികസന പ്രവർത്തനങ്ങൾക്ക് ടൂറിസം വകുപ്പ് തുടക്കമിടുന്നതെന്നും ജില്ലാ കളക്ടർ പറഞ്ഞു പ്രകൃതിഭംഗി ഒട്ടും ചോർന്നുപോകാതെ തന്നെ വിനോദസഞ്ചാരികൾക്ക് മികച്ച യാത്രാനുഭവം നൽകുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിനോദസഞ്ചാരികളുടെ സൗകര്യാർത്ഥം വാഹനങ്ങൾക്കായി വിപുലമായ പാർക്കിംഗ് ഏരിയയും, ആധുനിക രീതിയിലുള്ള ടോയ്‌ലറ്റ് ബ്ലോക്കും ഇവിടെ ഒരുങ്ങും. ബീച്ചിന്റെ ഭംഗി ആസ്വദിക്കാൻ മനോഹരമായ നടപ്പാതയും, സന്ദർശകർക്ക് വിശ്രമിക്കാനായി ഇരിപ്പിടങ്ങളും സജ്ജീകരിക്കും. രാത്രികാലങ്ങളിലും സന്ദർശകർക്ക് ബീച്ചിൽ ചിലവഴിക്കാൻ സൗകര്യപ്രദമായ രീതിയിൽലൈറ്റിംഗ് സംവിധാനവും ഇലക്ട്രിക്കൽ ജോലികളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
കൂടാതെ, സന്ദർശകർക്കായി ലഘുഭക്ഷണശാല ചുറ്റുമതിൽ, ലാൻഡ്‌സ്‌കേപ്പിംഗ്, പ്രവേശന കവാടം എന്നിവയും നിർമ്മിക്കും. കാസർകോട് താലൂക്കിലെ കളനാട് വില്ലേജിൽ അനുവദിച്ച 50 സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്. കൊച്ചിയിലെ അഡ്വാൻസ്ഡ് ഡിസൈൻ കൺസൾട്ടന്റ് തയ്യാറാക്കിയ ഈ എസ്റ്റിമേറ്റ് പ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, പൂർത്തിയാക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. തീരദേശ നിയന്ത്രണ മേഖലയിലെ ക്ലിയറൻസ് ഉൾപ്പെടെയുള്ള ആവശ്യമായ അനുമതികൾ ലഭ്യമാക്കി പദ്ധതി പൂർത്തിയാകുന്നതോടെ ചെമ്പരിക്കബീച്ച് ജില്ലയിലെ ടൂറിസം മേഖലയ്ക്ക് വലിയൊരു മുതൽക്കൂട്ടാകും.


ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എം.എ നസീബ്, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാർ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ, വൈസ് പ്രസിഡന്റ് ദിലീപ് കുമാർ, തുടങ്ങിയവർ സന്ദർശനത്തിൽ കൂടെയുണ്ടായിരുന്നു.

No comments