ഫയലുകൾ മാറ്റിവച്ച് ജില്ലാ കലക്ടർ ... ചിരിയും ചിന്തയുമായി കുട്ടികൾ
കാസർകോട്ഗൗരവമേറിയ ഫയലുകൾക്കും ഔദ്യോഗിക യോഗങ്ങൾക്കുമിടയിൽനിന്ന് കലക്ടറുടെ ചേന്പർ വ്യാഴാഴ്ച മാറിയത് ഒരു കൊച്ചു ചിരിമുറ്റമായിട്ടായിരുന്നു. നാളെയുടെ വാഗ്ദാനങ്ങളായ ഒരു കൂട്ടം കുട്ടികൾ കലക്ടറെ കാണാനെത്തിയപ്പോൾ ഉയർന്നത് കൗതുകം നിറഞ്ഞ ചോദ്യങ്ങളും നിഷ്കളങ്കമായ ചിരികളുമായിരുന്നു. ഔദ്യോഗിക പദവിയുടെ ഗൗരവമെല്ലാം മാറ്റിവെച്ച് 'നമസ്തേ കലക്ടർ' പരിപാടിയിൽ കുട്ടികളിലൊരാളായി മാറി ചിരിയും ചിന്തയും പങ്കുവെച്ച കലക്ടറുടെ കൂടിക്കാഴ്ച വേറിട്ട അനുഭവമായി.വലിയ സ്വപ്നങ്ങൾ കാണാനും അവ നേടിയെടുക്കാനുമുള്ള വിജയമന്ത്രം നിരന്തരമായ പരിശ്രമവും കഠിനാധ്വാനവും മാത്രമാണെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ കുട്ടികളോട് പറഞ്ഞു. കല്ലും മുള്ളും നിറഞ്ഞ തന്റെ സിവിൽ സർവീസ് യാത്രയെക്കുറിച്ചും പ്രതിസന്ധികളെ മറികടന്ന് ഐ.എ.എസ് എന്ന സ്വപ്ന നേട്ടത്തിലേക്ക് എത്തിയ കഥയും കളക്ടർ പങ്കുവെച്ചപ്പോൾ കേട്ടിരുന്ന കുട്ടികളുടെ കണ്ണുകളിൽ കൗതുകവും ആവേശവും നിറഞ്ഞു. പാട്ടുകളും ചോദ്യത്തരങ്ങളും പൊട്ടിച്ചിരികളും നിറഞ്ഞ സൗഹൃദ സംഭാഷണങ്ങൾക്ക് വേദിയായി കലക്ടറുടെ ചേന്പർ.മധൂർ, കുമ്പള, ബദിയടുക്ക പഞ്ചായത്തുകളിലെ ഉന്നതികളിൽ ഉൾപ്പെടുന്ന 26 വിദ്യാർഥികളാണ് കലക്ടറെ നേരിട്ട് കാണാനും വിശേഷങ്ങൾ പങ്കുവെക്കാനുമായി എത്തിയത്. ജില്ലാ കുടുംബശ്രീ മിഷന്റെ പ്രത്യേക പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികളോട്, സ്വന്തം അവകാശങ്ങളും ആവശ്യങ്ങളും സമൂഹത്തോട് ചോദിച്ചു വാങ്ങാൻ പ്രാപ്തിയുള്ളവരായി വളരണമെന്ന് കലക്ടർ ഓർമ്മിപ്പിച്ചു. കുട്ടികളുടെ സാമൂഹ്യ പഠനമുറികളിലേക്ക് ആവശ്യമായ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ബോൾ ആവശ്യപ്പെട്ട കുമ്പള സ്വദേശിയായ സൗരവിന് കലക്ടർ നേരിട്ട് ബോൾ സമ്മാനിച്ചു. തനിക്കൊരു സൈക്കിൾ വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ച സന്ദേശ് എന്ന മിടുക്കന് എത്രയും വേഗം സൈക്കിൾ വാങ്ങി നൽകാൻ കുടുംബശ്രീ ജില്ലാ മിഷന് കലക്ടർ അടിയന്തര നിർദേശം നൽകി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട്, അസിസ്റ്റന്റ് പ്രോജക്ട് കോർഡിനേറ്റർ യദുരാജ് എന്നിവരും പങ്കെടുത്തു.
No comments