Breaking News

അടച്ചിട്ട റോഡ് ആഴ്ചകൾ നീണ്ട ഗതാഗത നിരോധനത്തിന് ശേഷം കഴിഞ്ഞ ദിവസം മുതൽ തുറന്നുകൊടുത്തിട്ടും മാവുങ്കാലിലെ ദുരിതം തീരുന്നില്ല


കാഞ്ഞങ്ങാട്അടച്ചിട്ട റോഡ് ആഴ്ചകൾ നീണ്ട ഗതാഗതനിരോധനത്തിന് ശേഷം കഴിഞ്ഞ ദിവസം മുതൽ തുറന്നുകൊടുത്തിട്ടും മാവുങ്കാലിലെ ദുരിതം തീരുന്നില്ല. ഓവുചാൽ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലികൾക്കായി കഴിഞ്ഞ മാസം 24 മുതലാണ് മാവുങ്കാൽ -കാഞ്ഞങ്ങാട് റോഡ് അടച്ചിട്ടത്. അഞ്ച് ദിവസത്തേക്കെന്ന് റോഡ് അടച്ചിടുന്നുവെന്നാണ് അധികൃതർ അറിയിച്ചതെങ്കിലും 26 ദിവസമാണ് നിരോധനം നീണ്ടുപോയത്. ഓവുചാൽ നിർമാണത്തിന്റെ ഭാഗമായുള്ള പൈപ്പിടലിന് കുഴിയെടുക്കുന്ന ജോലി ഇഴഞ്ഞ് നീങ്ങുകയായിരുന്നു. 20നാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. റോഡ് അടച്ചിട്ടതിന്റെ പേരിൽ ഇത്രയും ദിവസം യാത്രക്കാർ അനുഭവിച്ച ദുരിതം ചില്ലറയൊന്നുമില്ല. ഓവുചാൽ നിർമാണം ഭാഗികമായി മാത്രമേ പൂർത്തിയായിട്ടുള്ളൂ. ബുധനാഴ്ച മുതൽ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരുന്ന ബസുകൾ അടക്കമുള്ള വാഹനങ്ങൾ സർവീസ് റോഡിലൂടെ കടന്നുവരുന്നതിനാൽ കുരുക്ക് രൂക്ഷമാവുകയാണ്. കാസർകോട് ഭാഗത്തേക്കുള്ള ഓവുചാൽ നിർമാണജോലി ഒരാഴ്ചയായി നടക്കുന്നില്ല. ഈ ഭാഗത്തേക്ക് ബസുകൾക്ക് കൃത്യമായി പ്രവേശിക്കാനുമാകുന്നില്ല. തിരിഞ്ഞ് പോകേണ്ട സ്ഥലത്ത് വലിയ കുഴിയാണുള്ളത്. ഇവിടെ എത്തുന്ന ബസുകൾ റിവേഴ്സെടുത്ത് വീണ്ടും വന്നാണ് കടന്നുപോകുന്നത്. ഇത് ഗതാഗതക്കുരുക്കിന് മറ്റൊരു കാരണമാകുന്നു. മാവുങ്കാൽ ടൗണിൽ ബസ് സ്റ്റാൻഡ് ഇല്ലാത്തതിനാൽ നാലുഭാഗത്തുനിന്നും വരുന്ന ബസുകൾ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. ഇങ്ങനെ നിർത്തിയിടുന്നതും കുരുക്കിനിടയാക്കുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നാട്ടുകാർ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുകൂടി റോ ഡ് നിർമ്മിച്ച് നൽകിയെങ്കിലും മഴ വന്നതിനെതുടർന്ന് ചെളിക്കുളമായി. ഇടക്കാലത്ത് ട്രാഫിക് നിയന്ത്രിക്കാൻ പൊലീസ് ഉണ്ടായിരുന്നെങ്കിലും ഇപ്പോഴതുമില്ല. ചില കെട്ടിട ഉടമകളുടെ കയ്യേറ്റം ഒഴിപ്പിച്ചാൽ തന്നെ സർവീസ് റോഡിനാവശ്യമായ വീതി കിട്ടുമെന്നാണ് നാട്ടുകാർ പറയുന്നത്. മാവുങ്കാൽ ടൗണിലെ കുരുക്കിന് ശാശ്വത പരിഹാരമെന്ന നിലയിൽ അടിപ്പാത അനുവദിക്കണമെന്നും ദേശീയപാതക്കുവേണ്ടി ഏറ്റെടുത്ത മുഴുവൻ സ്ഥലവും റോഡിന് വേണ്ടി ഉപയോഗിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. പൊതുസ്ഥലത്തെ കയ്യേറ്റം ഒഴിപ്പിക്കണമെന്നും മാവുങ്കാലിൽ കാസർകോട് ഭാഗത്തേക്കുള്ള ജങ്ഷൻ മുതൽ പാണത്തൂർ ഭാഗത്തേക്കുള്ള ജങ്ഷൻ വരെ ഒന്പത് മീറ്റർ വീതിയിൽ സർവീസ് റോഡ് നിർമിക്കണമെന്നും ആവശ്യമുണ്ട്.

No comments