പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികൾക്ക് വീണ്ടും കൂട്ട പരോൾ അനുവദിച്ചു
കാസർകോട്: രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികൾക്ക് വീണ്ടും കൂട്ട പരോൾ അനുവദിച്ചു. കേസിലെ ഒന്നാം പ്രതി എ. പീതാംബരൻ ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്കാണ് എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പായി ഇരുപത് ദിവസത്തെ പരോൾ അനുവദിച്ചിരിക്കുന്നത്. ഒന്നാം പ്രതി പീതാംബരന് പുറമെ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ആറാം പ്രതി അശ്വൻ, പതിനഞ്ചാം പ്രതി വിഷ്ണു സുര (സുരേഷ്) എന്നിവർക്കാണ് പരോൾ അനുദിച്ചത്. പരോളിൽ ഇറങ്ങിയ പ്രതികൾ കാസർകോട് ജില്ലയിൽ എത്തി.
2019 ഫെബ്രുവരി 17നാണ് കാസർകോട് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും ക്രൂരമായി കൊല ചെയ്യപ്പെടുന്നത്. സിബിഐ പ്രത്യേക കോടതി ഈ കേസിൽ പ്രതികളായ സിപിഎം പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. പ്രതികൾക്ക് തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെതിരെ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളും കോൺഗ്രസ് നേതൃത്വവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ തങ്ങൾക്ക് നീതി നിഷേധിക്കുകയാണെന്നും, കൊടുംകുറ്റവാളികളെ സംരക്ഷിക്കാൻ പ്രത്യേക താല്പര്യം കാണിക്കുന്നുവെന്നും കുടുംബം ആരോപിക്കുന്നു. മുൻപും ഈ കേസിലെ പ്രതികൾക്ക് ഇത്തരത്തിൽ പരോൾ അനുവദിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർച്ചയായ പരോൾ അനുവദിക്കുന്നതിനെതിരെ നിയമപരമായി നേരിടാൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇരകളുടെ കുടുംബങ്ങൾ.
കണ്ണൂർ സെൻട്രൽ ജയിലിൽ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരുന്ന പ്രതികൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് പരോൾ നൽകിയതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകൾ ഉൾപ്പെടുന്ന ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന കർശന വ്യവസ്ഥകളോടെയാണ് ഇവർക്ക് അനുമതി നൽകിയിട്ടുള്ളത്. പരോൾ ലഭിച്ച പ്രതികൾ നിലവിൽ കാസർകോട് ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷൻ പരിധികളിലുള്ള ബന്ധുവീടുകളിലാണ് താമസിക്കുന്നത്. പ്രതികളുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം.
No comments