Breaking News

കാസർകോട് നെല്ലിക്കുന്നിൽ പാലു നൽകി ഉറക്കാൻ കിടത്തിയ കുഞ്ഞ് മരിച്ചു


കാസർകോട്: പാലു നൽകി ഉറക്കാൻ കിടത്തിയ കുഞ്ഞ് മരിച്ചു. കാസർകോട്, നെല്ലിക്കുന്ന്, കസബ, തായൽ ഹൗസിലെ ഷാജഹാൻ- ആയിഷ ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള മകൻ ത്വാഹ അബ്ദുള്ളയാണ് മരിച്ചത്. രാത്രി ഒരു മണിക്ക് പാൽ നൽകി ഉറക്കാൻ കിടത്തിയതായിരുന്നു. ബുധനാഴ്ച രാവിലെ ആറുമണി ആയിട്ടും കുട്ടി ഉണർന്നില്ല. സംശയം തോന്നി ഉടൻ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിച്ചു. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതായിരിക്കാം മരണ കാരണമായതെന്നു സംശയിക്കുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ടൗൺ പൊലീസ് അന്വേഷണം തുടങ്ങി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

No comments