നടുറോഡില്‍ പെരുമ്പാമ്പ്, സ്കൂട്ടര്‍ തെന്നിവീണു, സ്കൂട്ടറിനുള്ളില്‍ കയറിയ പാമ്പ് യുവാവിനെ ചുറ്റിച്ചത് മൂന്നര മണിക്കൂറോളം
കോഴിക്കോട്: റോഡിന് കുറുകെ കിടന്ന പെരുമ്പാമ്പ് ഇതുവഴി സ്‌കൂട്ടറുമായെത്തിയ യുവാവിനെ ചുറ്റിച്ചത് മൂന്നര മണിക്കൂറോളം. കോഴിക്കോട് കുറ്റ്യാടി ചുരത്തിലാണ് ഏവരിലും ആശങ്കയും ആശ്ചര്യവുമുണ്ടാക്കിയ സംഭവങ്ങള്‍ നടന്നത്. തൊട്ടില്‍പ്പാലം കുണ്ടുതോട് സ്വദേശി നൗഫല്‍ മണക്കാട്ടുപൊയിലിനെയാണ് പെരുമ്പാമ്പ് പെരുവഴിയിലാക്കിയത്.
കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയായിരുന്നു സംഭവം. വയനാട് തരുവണയിലെ ഭാര്യവീട്ടിലേക്ക് പോവുകയായിരുന്നു നൗഫല്‍. ചുരം വ്യൂപോയിന്റിനടുത്തെത്തിയപ്പോള്‍ പെട്ടെന്ന് റോഡിന് കുറുകെ കിടക്കുകയായിരുന്ന ഭീമന്‍ പെരുമ്പാമ്പിനെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പരിഭ്രാന്തനായി പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ സ്‌കൂട്ടര്‍ തെന്നി നൗഫല്‍ നിലത്തുവീണു. എന്നാല്‍ ഈ സമയം കൊണ്ട് പാമ്പ് സ്‌കൂട്ടറിനുള്ളിലേക്ക് ഇഴഞ്ഞുകയറി.
ബഹളമുണ്ടാക്കി സമീപത്തുണ്ടായിരുന്ന മറ്റ് യാത്രക്കാരെ വിളിച്ചുകൂട്ടിയെങ്കിലും അവര്‍ വരുമ്പോഴേക്കും പാമ്പ് പൂര്‍ണമായും സ്‌കൂട്ടറിനുള്ളില്‍ കയറിയിരുന്നു. പിന്നീട് സ്‌നേക്ക് റസ്‌ക്യൂവറെ എത്തിച്ചെങ്കിലും എത്ര പരിശ്രമിച്ചിട്ടും പാമ്പിനെ പുറത്തെത്തിക്കാനായില്ല. ഇതോടെ സ്‌കൂട്ടറിന്റെ ബോഡി പൂര്‍ണമായി അഴിക്കാന്‍ തീരുമാനിച്ചു. എല്ലാവരും ചേര്‍ന്ന് സ്‌കൂട്ടറിന്റെ പാര്‍ട്‌സുകള്‍ ഇളക്കിമാറ്റി, ഒടുവില്‍ പാമ്പിനെ പിടിക്കുമ്പോഴേക്കും പുലര്‍ച്ചെ ഒരു മണിയായിരുന്നു. പിന്നീട് സ്‌കൂട്ടര്‍ പഴയ രൂപത്തിലാക്കിയ ശേഷമാണ് യുവാവിന് യാത്ര തുടരാനായത്.
No comments