Breaking News

വിയർപ്പുകണങ്ങൾ സ്വർണമെഡലുകളാക്കി തെങ്ങിൽനിന്ന്‌ 
ട്രാക്കിലേക്ക് ചന്ദ്രൻ


ഉദുമ : തെങ്ങിൽനിന്ന് തെങ്ങിലേക്ക് മാറിമാറിക്കയറിയ ചന്ദ്രൻ സിന്തറ്റിക് ട്രാക്കിലെത്തിയപ്പോൾ അധ്വാനത്തിന്റെ വിയർപ്പുകണങ്ങൾ സ്വർണമെഡലുകളാക്കി. തൊഴിലുകൊണ്ട് ഉയരം കീഴടക്കുന്ന അതേ ലാഘവത്തിലാണ് കായികമേഖലയിൽ പുതിയ വേഗവും സൃഷ്ടിച്ചത്. സീനിയേഴ്സ് സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ കേരള സംഘടിപ്പിച്ച സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ട്രാക്കിലെ താരമായിരിക്കുകയാണ് 46കാരനായ ഈ തൊഴിലാളി. 10,000 മീറ്റർ ഓട്ടത്തിൽ സ്വർണവും 5,000 മീറ്റർ, 1,500 മീറ്റർ എന്നിവയിൽ വെള്ളിയും 4x100 മീറ്റർ റിലേയിൽ വെള്ളി മെഡലും നേടി പങ്കെടുത്ത ഇനങ്ങളിലെല്ലാം തിളങ്ങി.2024 ജൂണിൽ ശ്രീലങ്കയിൽനടന്ന അന്തർദേശീയ ഓപ്പൺ മാസ്റ്റേഴ്സ് മീറ്റിൽ അഞ്ചു കിലോമീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ നേടിയതായിരുന്നു ചന്ദ്രന്റെ കായികജീവിതത്തിൽ നിർണായകമായത്. സാമ്പത്തികപ്രതിസന്ധി മത്സരയാത്രകൾക്ക് തടസമായപ്പോൾ 'തെങ്ങിന്റെ ചങ്ങാതിക്കൂട്ടം' ജില്ലാ കമ്മിറ്റിയും സഹപ്രവർത്തകരും നാട്ടിലെ ക്ലബുകളും പിന്തുണച്ചു. വിജയിച്ചുവന്ന ചന്ദ്രനെ കഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽനിന്ന് വൻവാഹനറാലിയോടെയാണ് സുഹൃത്തുക്കൾ വരവേറ്റത്. കേരളത്തിലും കർണാടകയിലുമായി നടന്ന നിരവധി മാരത്തോണുകളിലും ദേശീയ മാസ്റ്റേഴ്സ് മീറ്റുകളിലും ജേതാവായിട്ടുണ്ട്. തെങ്ങുകയറ്റ തൊഴിലാളികളുടെ കൂട്ടായ്മയായ 'തെങ്ങിന്റെ ചങ്ങാതിക്കൂട്ടം' കാസർകോട് ജില്ലാ കമ്മിറ്റിയുടെ സജീവ പ്രവർത്തകനാണ് ചന്ദ്രൻ. തൊഴിലിനോടുപുലർത്തുന്ന അതേ അൺപ്പണബോധവും കൃത്യതയുമാണ് ട്രാക്കിലും ഇദ്ദേഹത്തിന്റെ കരുത്ത്. ഭാര്യ വി വി പ്രജിനയും മക്കളായ സച്ചിൻ ചന്ദ്രൻ, ശിവനന്ദിത എന്നിവരും വലിയ പിന്തുണയാണ് ചന്ദ്രന് നൽകുന്നത്. 'മാസ്റ്റേഴ്സ് ഏഷ്യൻ മീറ്റിൽ' പങ്കെടുക്കാനുള്ള കഠിന പരിശീലനത്തിലാണിപ്പോൾ താരം.

No comments