മലയോരത്ത് വീണ്ടും പുലിയിറങ്ങിയതായി സംശയം. പ്രദേശത്ത് വനംവകുപ്പ് കാമറ സ്ഥാപിച്ചു...
രാജപുരം : മലയോരത്ത് വീണ്ടും പുലിയിറങ്ങിയതായി സംശയം. പ്രദേശത്ത് വനംവകുപ്പ് കാമറ സ്ഥാപിച്ചു. ഒരാഴ്ചയായി ഭീതിയിലായ നാഗത്തുംപടി മുത്തപ്പൻമല പ്രദേശങ്ങളിലെ പുലി സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചു. നാട്ടുകാർ പുലിയെ കണ്ടതായും പറഞ്ഞു. കഴിഞ്ഞദിവസം വനംവകുപ്പ് നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി. തുടർന്നാണ് മുത്തപ്പൻ മലയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ കാമറ സ്ഥാപിച്ചത്. പുലി സാന്നിധ്യം വ്യക്തമായാൽ കൂട് സ്ഥാപിക്കാനാണ് ആലോചന. കാമറ നിരീക്ഷിച്ചുവരികയാണ്. ഇതിനിടയിൽ കഴിഞ്ഞ ദിവസവും പ്രദേശത്തെ വളർത്തുപട്ടിയെ കാണാതായെന്ന് നാട്ടുകാർ പറയുന്നു. പുലിയുടെ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഒറ്റയ്ക്ക് കാടുകളിലേക്ക് പോകുന്നതും യാത്രചെയ്യുന്നതും വളർത്തുമൃഗങ്ങളെ കാടുകളിലേക്ക് വിടുന്നതും ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ കുട്ടികളെ സ്കൂളിലേക്കയക്കാൻപോലും രക്ഷിതാക്കൾ ഭയക്കുകയാണ്. പനത്തടി എൻഎസ്എസ് എസ്റ്റേറ്റിലും പുലി സാന്നിധ്യമുണ്ടായതിനെതുടർന്ന് അവിടെയും നിരീക്ഷണ കാമറവയ്ക്കാൻ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മലയോരമേഖല പുലിഭീതിയിലായിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും വനംവകുപ്പോ തദേശ സ്ഥാപനങ്ങളോ വേണ്ടവിധത്തിൽ ഇടപെട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ആന, കുരങ്ങ്, കാട്ടുപോത്ത്, പന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യവുമുണ്ട്.
No comments