Breaking News

കൊലക്കേസിലെ പിടികിട്ടാപ്പുള്ളി 25 വർഷത്തിനു ശേഷം പിടിയിൽ; 15 വർഷമായി പയ്യന്നൂരിൽ തട്ടുകട നടത്തിവരികയായിരുന്നു


പയ്യന്നൂർ: യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളി 25 വർഷത്തിനു ശേഷം അറസ്റ്റിൽ. തലശ്ശേരി കതിരൂർ സ്വദേശിയായ സി.എച്ച് അഷ്റഫി(58)നെയാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2001 ൽ നടന്ന വേറ്റുമ്മൽ രതീഷ് വധക്കേസിലെ പ്രതിയാണ് അഷ്റഫ്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറായി അടുത്തിടെ ചുമതലയേറ്റ വിജയഭാരത് റെഡ്ഡി പഴയ കേസുകളെക്കുറിച്ച് പഠിക്കുന്നതിനിടയിലാണ് രതീഷ് കൊലക്കേസിലെ പ്രതിയായ അഷ്റഫിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന കാര്യം കണ്ടെത്തിയത്. തുടർന്ന് പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകി. അന്വേഷണ സംഘത്തിന് മുന്നിൽ പ്രതിയുടെ ഒരു ഫോട്ടോ മാത്രമാണ് ഉണ്ടായിരുന്നത്. ഈ ഫോട്ടോയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം മൈസൂരു, ബംഗ്ളൂരു, മുംബൈ, മംഗ്ളൂരു എന്നിവിടങ്ങളിൽ അന്വേഷണം നടത്തി. പത്ത് വർഷക്കാലം ഈ നഗരങ്ങളിൽ ഒളിവിൽ കഴിഞ്ഞ അഷ്റഫ് ഹോട്ടൽ തൊഴിലാളിയായിജോലി നോക്കിയതായി അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കേരളത്തിലേക്ക് മടങ്ങിയതായും

കണ്ടെത്തി. പ്രതി ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്യാനാണ് സാധ്യതയെന്നു മനസ്സിലാക്കിയ അന്വേഷണ സംഘം ആ വഴിക്കു നീങ്ങി. പയ്യന്നൂരിൽ നടത്തിയ അന്വേഷണത്തിൽ പ്രതി വാടകകെട്ടിടത്തിൽ താമസിച്ച് തട്ടുകട നടത്തി വരികയാണെന്ന് വ്യക്തമായി. ഒരാഴ്ചക്കാലം നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. തുടർന്നാണ് ഇന്ന് പുലർച്ചെ വാടക വീട്ടിൽ വച്ച് അഷ്റഫിനെ പൊലീസ് പിടികൂടിയത്. അഷ്റഫിന്റെ തട്ടുകടയിൽ പൊലീസ് ഉദ്യോഗസ്ഥരടക്കം കാലങ്ങളായി ഭക്ഷണം കഴിക്കാനെത്തിയിരുന്നു. എന്നിട്ടും കൊലക്കേസ് പ്രതിയായ അഷ്റഫിനെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ശാരീരികമായ മാറ്റങ്ങളാണ് തിരിച്ചറിയാതിരിക്കാൻ ഇടയാക്കിയത്.



No comments