മലയോരത്തെ കാട്ടാനശല്യം പരിഹരിച്ച് കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി
രാജപുരം: കേരള, കർണ്ണാടക വനത്തിൽ നിന്ന് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ച പനത്തടി പഞ്ചായത്തിലെ അടുക്കം, വട്ടക്കയം, പരിയാരം, പാറക്കടവ്, റാണിപുരം പ്രദേശങ്ങൾ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി സന്ദർശിച്ചു. കർണ്ണാടക വനത്തിനോട് ചേർന്ന ഭാഗത്ത് അവർ നിർമ്മിച്ച കിടങ്ങ് തകർന്ന് കിടക്കുന്നതിനാൽ പുനർ നിർമ്മിക്കാൻ കർണ്ണാടക സർക്കാർ ഇടപെടൽ നടത്താൻ ആവശ്യമായ സമ്മർദ്ദം എംപി ചെലുത്തണമെന്ന വട്ടക്കയം പ്രദേശ വാസികളുടെ ആവശ്യത്തെതുടർന്ന് ദക്ഷിണ കാനറാ എംപി നളീൻ കുമാർ കാട്ടീലിനെ വിളിക്കുകയും പ്രശ്ന പരിഹാരത്തിന് അദ്ദേഹത്തിന്റെ പിന്തുണ തേടുകയും ചെയ്തു.
കർഷകർക്ക് നഷ്ട പരിഹാരം നൽകുകയും, 2013-15 കാലഘട്ടത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച സോളാർ ഫെൻസിങ് വേണ്ടത്ര പരിപാലനം ഇല്ലാത്തതിനാൽ തകർന്ന് കിടക്കുകയാണ് അത് പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് എം.പി മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്ത് അയച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോണി തോലംപുഴ, പി. കെ പ്രസന്നകുമാർ, മധുസൂദനൻ റാണിപുരം, എ പി ബാലചന്ദ്രൻ, കെ ജെ ജെയിംസ്, സണ്ണി ഇലവുങ്കൽ, അജി പൂന്തോട്ടം, രാധ സുകുമാരൻ, സുപ്രിയ അജിത്ത്, എൻ വിൻസെന്റ്, സന്തോഷ്പാടി എന്നിവർ എംപിയോടൊപ്പം ഉണ്ടായിരുന്നു.
No comments