Breaking News

ചരിത്രവീഥികളിലൂടെ സന്തോഷ് നാട്യാഞ്ജലി എഴുതുന്ന യാത്രാവിവരണ പരമ്പര '' ലെ പാക്ഷി - ശിലയിൽ തീർത്ത മഹാത്ഭുതം''


ലേപാക്ഷി ക്ഷേത്രം.. അന്ധ്രപ്രദേശിലെ അനന്ത്പുർ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
ബാംഗ്ളൂർ നിന്ന് 140 കി.മീ യാത്ര ചെയ്താൽ ഇവിടെത്താം. പതിനാലാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന അച്യുതരായരുടെ കാലത്ത് നിർമ്മിക്കപ്പെട്ട
വീരഭദ്ര ക്ഷേത്രമാണിത്. ഐതിഹ്യം.. രാവണൻ സീതയെ തട്ടിക്കൊണ്ട് പോവുന്ന സമയത്ത് ജഡായു എന്ന പക്ഷീഭീമൻ തടയുന്നു.രാവണന്റെ വാൾ പ്രയോഗത്തിൽ മുറിവേറ്റ് അവശനായ ജഡായുവിനോട് ''എഴുന്നേൽക്കൂ... പക്ഷീ " എന്നർത്ഥം വരുന്ന 
''ലേ പക്ഷീ"  ( rise bird) എന്ന് ശ്രീരാമൻ പറഞ്ഞുവെന്നും അതിൽ നിന്ന് ഈ പേര് വന്നുവെന്നും പറയുന്നു. മറ്റൊരു കഥ ഇതാണ്... ക്ഷേത്ര നിർമ്മാണച്ചുമതല വിരൂപണ്ണയെയാണ് രാജാവ് ഏൽപ്പിച്ചത്.. ഇതിൽ അസൂയാലുക്കളായവർ; വിരുപണ്ണ ഖജനാവ് കൊള്ളയടിക്കുന്നതായി രാജാവിനെ തെറ്റിദ്ധരിപ്പിക്കുന്നു.. കണ്ണ് ചൂഴ്ന്നെടുക്കുകയാണ് ഇതിനുള്ള ശിക്ഷയായി നൽകിയിരുന്നത് സത്യസന്ധനും നിരപരാധിയുമായ
വിരൂപണ്ണ രാജ ശാസനയനുസരിച്ച് കണ്ണുകൾ ചൂഴ്ന്നെടുത്ത് ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ചുമരിലേക്ക് ആഞ്ഞെറിയുന്നു."ലേ പ അക്ഷി" (Plucked eyes) എന്നർത്ഥത്തിൽ ലേ പാക്ഷി എന്ന പേര് വന്നുവെന്നും പറയപ്പെടുന്നു. ശിൽപ വിദ്യകളാൽ അലംകൃതമായ 70 തൂണുകളുള്ള ഒരു നാട്യമണ്ഡപം ഇവിടുണ്ട്. ദേവനർത്തകിയായ രംഭയെയും വാദ്യ വായനക്കാരായ ദേവീദേവന്മാരെയും തൂണുകളിൽ ചിത്രീകരിച്ചിരിക്കുന്നു. ഈ കരിങ്കൽ തൂണുകൾ നിലത്ത് സ്പർശിച്ചിട്ടില്ല എന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്.





ലേപാക്ഷി ക്ഷേത്രത്തെക്കുറിച്ചും അവിടുത്തെ നിലം തൊടാത്ത തൂണുകളെക്കുറിച്ചും മുൻപ് ധാരാളം വായിച്ചറിഞ്ഞിരുന്നു.
 അതിന്റെ ത്രില്ലിൽ ആയതിനാലാവാം, യാത്ര പുറപ്പെടുന്ന ദിവസം വെളുപ്പിന് നാലുമണിക്ക് അലാറം വച്ചുവെങ്കിലും രണ്ട് മണിക്ക് തന്നെ ഉറക്കം തെളിഞ്ഞു. വീണ്ടും മയങ്ങിയെങ്കിലും. മൂന്ന് മണിക്ക് ഉറക്കം അവസാനിപ്പിച്ച് യാത്രക്ക് തയ്യാറായി. ബാഗ് സ്ഥിരം തയ്യാറാക്കി വച്ചിട്ടുള്ളത് കൊണ്ട് നേരത്തെ തന്നെ മുറി വിട്ടിറങ്ങി ബംഗളുരു മജസ്സ്റ്റിക് സ്റ്റാന്റിൽ എത്തി.. അന്നത്തെ ഭക്ഷണമായി ഒരു ആപ്പിളും ഒരു ചെറിയ കൂട് ബിസ്കറ്റും കരുതിയിരുന്നു.
മജസ്റ്റിക് ബസ് ടെർമിനൽ നമ്പർ മൂന്നിൽ നിന്ന് ഹിന്ദുപുരബസിൽ കയറി. അവിടേക്ക് ടിക്കറ്റ് ചാർജ് തൊണ്ണൂറ്റി അഞ്ച് രൂപയാണ്. പ്രഭാതത്തിലെ ശുദ്ധവായുവേറ്റ് സൈഡ്സീറ്റിലിരുന്ന് യാത്ര ചെയ്യണമെന്നുണ്ടായിരുന്നുവെങ്കിലും മുൻസീറ്റിലിരുന്ന സഹോദരൻ ഇടക്കിടെ തല പുറത്തേക്കിട്ട് വായശുദ്ധീകരണം നടത്തുന്നതിനാൽ ആ ആഗ്രഹം ഉപേക്ഷിച്ചു. കേട്ടറിഞ്ഞ ഒരിടത്തേക്ക് ഒറ്റക്കുള്ള യാത്രയുടെ സുഖം ഒന്നു വേറെ തന്നെയാണ്. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം (അതോ ദൈവങ്ങളുടെ യോ?) എന്ന് നമ്മൾ പറയാറുണ്ട്. ശാന്തസുന്ദരമായ കേരളത്തിൽ സ്ഥലം വാങ്ങിയിട്ട്, ഈ ദൈവങ്ങളെല്ലാം താമസിക്കന്നത് കർണാടകയുടെ വിവിധ പ്രദേശങ്ങളിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ദക്ഷിണേന്ത്യയുടെ പൗരാണിക ചരിത്ര സാംസ്കാരിക പൈതൃകത്തിന്റെ യശസ്സ് വാനോളം ഉയർത്തുന്ന നിരവധി ചരിത്രസ്മാരകങ്ങൾ ഇവിടുണ്ട്... സാമാന്യം തരക്കേടില്ലാത്ത,
ശരീരത്തിൽ നീണ്ട രണ്ട് വെള്ളവരകളോടെനീണ്ടുനിവർന്ന് കിടക്കുന്ന റോഡിലൂടെ (മൂന്ന് വരി പാതയാണ്) യാത്ര തുടരുന്നു.. പാറക്കെട്ടുകളും പച്ചപ്പും നിറഞ്ഞ ഒരു മലയുടെ താഴ്‌വാരത്തായി ഒരു റെയിൽവെ സ്റ്റേഷൻ കണ്ടു. അവിടവിടായി എന്തൊക്കെയോ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നുണ്ട്. കുറെ ദൂരെ മലമുകളിൽ ഒരു കുരിശും താഴെ ക്രിസ്ത്യൻ കോളനി എന്നെഴുതിയ ബോർഡും കണ്ടു. വീണ്ടുമൊരു റെയിൽവെ സ്റ്റേഷൻ കാണാൻ കഴിഞ്ഞു.
''തൊണ്ടെബാവി" എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. എട്ടുമണിക്ക് 'ഗൗരിബിദനൂർ' എന്ന ചെറിയ ടൗണിലെത്തി. കേരളത്തിൽ നടക്കുന്ന പുകിലൊന്നും അറിയാതെ ശാന്തനായി പുലിപ്പുറത്തിരിക്കുന്ന ഒരു അയ്യപ്പന്റെ ക്ഷേത്രം ഇവിടുണ്ട്. നല്ല റോഡെങ്കിലും കാളവണ്ടികളും, പതിനാലുപേർ വരെ ഒരുമയോടെ യാത്ര ചെയ്യുന്ന റിക്ഷകളുമാണ് കൂടുതൽ. 
എസ് എച്ച് 9ലൂടെ. കൊടുമലകുണ്ടെ എന്ന സ്ഥലം കടന്ന് ആന്ധ്ര അതിർത്തിയിലെത്തി. 9.30 ന് ഞാൻ കയറിയ ബസ്സ് 
ഹിന്ദുപുരയിലെത്തി. 
അവിടെനിന്ന് 
ലേപാക്ഷിയിലേക്ക് പോകുവാനുള്ള ബസ് കിട്ടി.

നിരവധി പ്രത്യേകതകൾ നിറഞ്ഞ ക്ഷേത്രമാണിതെന്ന് കേട്ടിട്ടുണ്ട്. വിശന്നുവലഞ്ഞവന്റെ മുന്നിൽ പലതരം വിഭവങ്ങൾ കൊണ്ടുവച്ച പോലെ.എവിടെ തുടങ്ങണം എന്നറിയില്ല. ബസ്സിൽ നിന്നിറങ്ങി ഏറെക്കുറെ വിജനമായ വഴിയിലൂടെ ക്ഷേത്രമെയിൻ ഗോപുരത്തിലെത്തി. ഉള്ളിൽ കയറാതെ പുറത്തു കൂടി ഒന്ന് ചുറ്റിയടിച്ചു. ഇനി ഉള്ളിലേക്ക്. പ്രധാനക്ഷേത്രത്തിൽ വീരഭദ്രസ്വാമിക്ക് പുറമെ മറ്റ് ഉപ ദൈവങ്ങളുമുണ്ട്.. ഇതിന് പുറത്തായി നാഗലിംഗ-നാഗ ഗണേശ ശിൽപങ്ങളുണ്ട്.
 ഏക്കർ കണക്കിന് സ്ഥലത്ത് പരന്ന് കിടക്കുന്ന ഒറ്റ പാറയിലാണ് ക്ഷേത്രം പണിതുയർത്തിയിട്ടുള്ളത്. ഇനി പ്രധാന മണ്ഡപത്തക്കുറിച്ച് പറയാം...

ഇവിടെ ഇരുവശത്തും രണ്ട് നിരകളിലായി ഏഴ് തൂണുകൾ വീതം ഉണ്ട്. അതിൽ മധ്യഭാഗത്തുള്ള രണ്ട് തൂണുകളും ഒരേ ഡിസൈൻ ആണ്. ഇതിൽ ഇടത് വശത്തുള്ള ഒന്നാണ് ഹാംഗിംഗ് പില്ലർ അഥവാ നിലം തൊടാതെ നിൽക്കുന്ന തൂൺ ആയി അറിയപ്പെടുന്നത്. ആൾക്കാർ സാരി, ടൗവ്വൽ മുതലായവ കടത്തി തൂണിന്റെ അടിയിൽ പരിശോധന നടത്തുന്നത് ഞാൻ കണ്ടു. ചിലർ അടിയിലൂടെ അവ വലിച്ചെടുക്കുന്നുമുണ്ട്. ഇനി എന്റെ പരീക്ഷണം





കയ്യിൽ കരുതിയ നൂൽ എടുത്ത് ഒരറ്റം ബാഗിൽ കെട്ടി തൂണിന്റെ ഒരു വശത്ത് വച്ച് മറ്റേ അറ്റം തൂണിന്റെ അടിയിലൂടെ വലിച്ചെടുക്കാൻ ഞാൻ ശ്രമിച്ചപ്പോൾ  ഒരു തടസം പോലെ തോന്നി. വീണ്ടും ശ്രമിച്ച് പരാജയപ്പെട്ടു. അതിൽ നിന്ന് തൂണിന്റെ ഒരു മൂല  നിലത്ത് മുട്ടിയിട്ടുള്ളത്  പോലെ എനിക്ക് തോന്നി. വളരെയധികം നിരാശ തോന്നി. എന്റെ ഈ ശ്രമങ്ങളെ അവിടെ കൂടി നിന്ന ചിലർ കൗതുകത്തോടെയും മറ്റ്ചിലർ പേടിയോടെയും വീക്ഷിച്ചു. നിലം തൊടാത്ത തൂണുകൾ എന്ന കേട്ടറിവ് തെറ്റാണെന്ന  നിഗമനത്തിൽ ഞാൻ എത്തിച്ചേർന്നു. എന്നിട്ടും അവിടം വിട്ടു പോരാൻ ഒരു മടി.


അപ്പോൾ അവിടെത്തിയ ഒരു  ട്രാൻസ്ജെന്റഴ്സ് സംഘത്തിലൊരാളെ പരിചയപ്പെട്ടു. അവർ പറഞ്ഞത് പോലെ കയ്യിലിരുന്ന ടോർച്ച് അടിച്ച് നോക്കിയപ്പോഴാണ് കൃത്രിമമായ എന്തോ ഒന്ന് തൂണിന്റെ അടിവശത്ത് തടഞ്ഞിരിക്കുന്നതായി തോന്നിയത് (പ്ലാസ്റ്റിക്, ചിരട്ട കഷ്ണം, റബ്ബർ ബുഷ് എന്തുമാവാം) അവ പിന്നീട് വന്നടിഞ്ഞതാണെന്നും, ശരിക്കും അത് ഹാംഗിംഗ് പില്ലർ ആണെന്നും അവിടുണ്ടായിരുന്നവർ വിശദീകരിച്ച് തന്നു. എന്നിട്ടും എന്റെ സംശയം തീർന്നില്ല. എന്തുകൊണ്ട് ഒരു തൂൺ മാത്രം ഇങ്ങനായി?


ദേവനർത്തകിയായ രംഭയുടെ നൃത്തം കാണാൻ എത്തിയിരിക്കുന്ന ത്രിമൂർത്തികളെയും, വാദ്യ വാദകരെയും ചിത്രീകരിച്ചിട്ടുള്ള കരിങ്കൽ തൂണുകൾ നിറഞ്ഞ 
നാട്യമണ്ഡപം ഞാൻ ചുറ്റി നടന്നു കണ്ടു. ആ മണ്ഡപത്തിന്റെ സീലിംഗിൽ വലിയകേട് പാടുകൾ ഇല്ലാത്ത ധാരാളം പെയിന്റിംഗുകൾ കാണാവുന്നതാണ്.പ്രശസ്തമായ 
ലേപാക്ഷി സാരികളുടെ ഡിസൈനുകളും,വള്ളിപടർപ്പുകളും, പൂക്കളും ചിത്രീകരിച്ച വേറെയും നിരവധി തൂണുകൾ അവിടെ കാണാൻ കഴിഞ്ഞു. ഒരേ ഡിസൈൻ ഉള്ള നാല് തൂണുകൾ മെയിൻ ഹാളിന് ഇരുവശത്തുമായി ഉണ്ട്. അവ വലിയ ശിലാഖണ്ഡങ്ങൾ ഇന്റർലോക്ക് സംവിധാനത്തിൽ പരസ്പരം യോജിപ്പിച്ച്   തൂങ്ങി കിടക്കുന്ന രീതിയിലുള്ളവയായിരുന്നെന്നും അവ യുടെ അടിവശം സിമന്റ് പോലുള്ള ഏതോ വസ്തു കൊണ്ട് പിന്നീട് അടച്ചതാണെന്നും എനിക്ക് തോന്നുന്നു. 






അവിടെനിന്ന് പരിചയപ്പെട്ട തെലുങ്കാന സ്വദേശിയായ പ്രമോദ് എന്ന ദളിത് സമുദായത്തിൽപ്പെട്ട  ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ചശേഷം വിരൂപാക്ഷ ക്ഷേത്രത്തിന് അൽപം ദൂരെ മാറിയുള്ള ജഡായുപ്പാറയും, ഒറ്റക്കല്ലിൽ തീർത്ത ഭീമാകാരമായ നന്തീശിൽപ്പവും, നിർമ്മാണത്തിലെ അപാകതകൊണ്ട് ഒഴിവാക്കപ്പെട്ട, ധാരാളം തൂണുകളോട് കൂടിയ പണിതീരാത്ത ഒരു മണ്ഡപവും ഞാൻ നടന്നു കണ്ടു. പ്രകൃതിയുമായി ഇണങ്ങി ലളിത ജീവിതം നയിക്കുന്ന കുറച്ച് മനുഷ്യരെയും അവിടെ കാണാൻ സാധിച്ചു. പരിഷ്കാരങ്ങൾ എത്തിനോക്കാത്തകൊച്ചു കൊച്ചു കടകളും,
ലേപാക്ഷിയുടെ മഹത്വമൊന്നുമറിയാതെ കിടന്നുറങ്ങിയും, നടവഴിയിൽ വിസർജ്ജിച്ചും അൽപം പരിഹാസത്തോടെ നമ്മെ നോക്കുകയും ചെയ്യുന്ന നായ് കുടുംബങ്ങളും വാനരന്മാരും എല്ലാം ഇവിടെയുണ്ട്. കയ്യിലിരുന്ന ബിസ്കറ്റ് അവയ്ക്കായി വീതിച്ചുനൽകി. പിന്നെയും പിന്നാലെ കൂടിയ അവരോട് യാത്ര പറഞ്ഞ്, കൊടുംവെയിലിലും കുളിരുന്ന മനമോടെ ഞാൻ ബസിൽ കയറി. ഉറങ്ങണമെന്നുണ്ടായിരുന്നു. എന്റെ സമീപത്തെ സീറ്റിലിരുന്ന ദ്രാവിഡസുന്ദരി എനിക്കറിയാത്ത ഭാഷയിൽ, ആരോടോ ഉച്ചത്തിൽ സംസാരിച്ചുകൊണ്ടിരുന്നതിനാൽ അതിനും കഴിഞ്ഞില്ല. ബസ്സ് ഹിന്ദുപ്പൂരിലെത്തി.. ഒരു കുടപോലെ നീലാകാശവും പെയ്തിറങ്ങുന്ന വെള്ളിമേഘങ്ങളും നിറഞ്ഞ ആ കൊച്ചു പട്ടണത്തോട് യാത്ര പറഞ്ഞ്  ബാംഗ്ളൂരിലേക്കുള്ള ബസ്സിൽ കയറി. നമ്മുടെ നാട്ടിൽ നിന്ന് ലേപാക്ഷിയിലേക്ക് വരാനാഗ്രഹിക്കുന്നവർക്ക് എളുപ്പമാർഗ്ഗം, ബംഗളൂരുവിൽ എത്തിയശേഷം മജസ്റ്റിക് ബസ് ടെർമിനലിൽ നിന്നും അനന്തപുര പോകുന്ന ബസ്സിൽ കയറി ഹിന്ദുപുര എന്ന സ്ഥലത്തിറങ്ങുന്നതാണ്. അവിടെ നിന്നും ലേപാക്ഷിയിലേക്ക് ബസ്സ് സർവ്വീസുണ്ട്. ബംഗളൂരുനിന്ന് ഏകദേശം നൂറ്റിയിരുപത് കിലോമീറ്റർ ദൂരം ഇങ്ങോട്ടേയ്ക്കുണ്ട്സ്വന്തം വാഹനവുമായി വരുന്നവർക്ക് ബംഗളുരു- ഹൈദരാബാദ് റൂട്ടിൽ സഞ്ചരിച്ച്, ആന്ധ്രഅതിർത്തിയിലെ ചെക്ക് പോസ്റ്റ് കടന്ന് അൽപ്പം മുന്നോട്ട് വന്നാൽ
ലേപാക്ഷിയിലേക്കുള്ള റോഡിലേക്ക് തിരിയാവുന്നതാണ് ഇവിടെ നല്ല രീതിയിലുള്ള താമസം, ഭക്ഷണം എന്നിവ കിട്ടാൻ ബുദ്ധിമുട്ടാണ്. ഇവിടേക്ക് വരുന്നവർ  അതിനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നത് നന്നായിരിക്കും.



എഴുതിയത് 
സന്തോഷ് നാട്യാഞ്ജലി 
ഫോൺ:9645233189

No comments