പരിയാരം ലോറി അപകടം:കുടുംബസഹായ സമിതിയായി പനത്തടി പഞ്ചായത്ത് ഹാളില്‍ നടന്ന ജനകീയ യോഗം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു
പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ കുടുംബസഹായ സമിതി രൂപവത്കരിച്ചു. പനത്തടി പഞ്ചായത്ത് ഹാളില്‍ നടന്ന ജനകീയ യോഗം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. കര്‍ണാടക കരിക്കെ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. ബാലചന്ദ്രന്‍ നായര്‍ ആദ്യ ധനസഹായം കൈമാറി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ പ്രസാദ്, വൈസ് പ്രസിഡന്റ് കെ.എസ്. കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്തംഗം അരുണ്‍ രംഗത്തുമല, പഞ്ചായത്തംഗം കെ.കെ. വേണുഗോപാല്‍, എം.സി. മാധവന്‍, കെ.ബി. മോഹനചന്ദ്രന്‍, ജോണി തോലംപുഴ, മൈക്കിള്‍ പൂവത്താനി, ആര്‍. സൂര്യനാരായണ ഭട്ട്, ടി.പി. പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും എം.എം. തോമസ് കണ്‍വീനറുമായി രൂപവത്കരിച്ച സമിതിയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന സഹായം അടുത്ത മാസം 26-ന് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കൈമാറും. നിലവില്‍ രൂപവത്കരിച്ച സഹായ സമിതിക്ക് കീഴില്‍ പഞ്ചായത്തിന്റെ മുഴുവന്‍ വാര്‍ഡുകളിലും സഹായ സമിതികള്‍ രൂപവത്കരിച്ചായിരിക്കും പ്രവര്‍ത്തനം. മരിച്ച നാല് തൊഴിലാളികളുടെയും വീടുകള്‍ കഴിഞ്ഞ ദിവസം എം.എല്‍.എ.യും എം.പി.യും സന്ദര്‍ശിച്ചിരുന്നു. കുടുംബങ്ങളുടെ ദയനീയസ്ഥിതി ശ്രദ്ധയില്‍ പെട്ടതോടെ സഹായസമിതി രൂപവത്കരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ പ്രസാദിനോട് രണ്ടുപേരും നിര്‍ദേശിക്കുകയായിരുന്നു. സര്‍ക്കാര്‍ സഹായങ്ങള്‍ ഉറപ്പാക്കുമെന്നും ഇരുവരും കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
No comments