Breaking News

ജില്ലാ വനം മേധാവിയെ മാറ്റിയതിൽ പ്രതിഷേധം ശക്തം മലയോര ഹൈവേയുടെ വനം ഭൂമിയിലൂടെയുള്ള റോഡ്‌ നിർമാണത്തിലെ സാങ്കേതിക കുരുക്ക്‌ നീക്കാൻ ഡിഎഫ്‌ഒ മികച്ച പ്രവർത്തനമാണ്‌ നടത്തിയത്‌


കാസർകോട്‌ :കാസർകോട്‌ ഡിഎഫ്ഒ പി ധനേഷ്‌കുമാറിനെ സ്ഥലംമാറ്റിയതിൽ പ്രതിഷേധം ശക്തം. ജില്ലയിൽ വനം മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളിൽ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ച്‌ നടപ്പാക്കുന്നതിനിടയിൽ ഉണ്ടായ സ്ഥലംമാറ്റം വലിയ പ്രയാസമുണ്ടാക്കുമെന്നാണ്‌ അഭിപ്രായം.
കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്തിന്റെയും ഇതര തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ വനം വകുപ്പ്‌ നടപ്പാക്കുന്ന കാറഡുക്ക ആന പ്രതിരോധ പദ്ധതിക്ക്‌ മാതൃകപരമായ നേതൃത്വമാണ്‌ അദ്ദേഹം നൽകുന്നത്‌. കാറഡുക്ക മേഖലയിൽ ആനയുടെ ആക്രമണത്തിൽ കഴിഞ്ഞ വർഷങ്ങളിലായി കോടികളുടെ കാർഷിക നാശമാണുണ്ടായത്‌. കർഷകർക്ക്‌ വരുമാനവും ജീവിത സമ്പാദ്യവുമാണ്‌ നഷ്ടമായത്‌. കർണാടക വനമേഖലയിൽ നിന്ന്‌ നിരന്തരമുള്ള കാട്ടാനക്കൂട്ടങ്ങളുടെ ആക്രമണത്തിൽ ജീവിതം തകർന്ന്‌ അവസ്ഥയിലാണ്‌ ഈ മേഖലയിലുള്ളവർ. സ്വന്തം വീടും ഭൂമിയും വിട്ടുപോകേണ്ട അവസ്ഥയിലാണ്‌ ഇവർ. ഇതിന്‌ പ്രതിവിധിയായായണ്‌ ആനപ്രതിരോധ പദ്ധതി ആരംഭിച്ചത്‌.
വനംമേഖലയിലെ പ്രശ്‌നങ്ങൾ കാരണം മലയോര ഹൈവേയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലാണ്‌. പലയിടത്തും വനം ഭൂമി വിട്ടുക്കിട്ടിയാലെ റോഡ്‌ നിർമാണം ആരംഭിക്കാനാകൂ. സാങ്കേതിക പ്രശ്‌നങ്ങളാണ്‌ തടസമാകുന്നത്‌. വർഷങ്ങളായുള്ള ഈ സാങ്കേതിക കുരുക്ക്‌ നീക്കാൻ ഡിഎഫ്‌ഒ മികച്ച പ്രവർത്തനമാണ്‌ നടത്തിയത്‌. ചിലയിടത്ത്‌ പ്രശ്‌നം പരിഹരിച്ചുവെങ്കിലും മറ്റിടങ്ങളിൽ നടപടിയെടുക്കാനുണ്ട്‌. അതിനിടയിലുള്ള സ്ഥലംമാറ്റം ബാധിക്കുമെന്നാണ്‌ ജനപ്രതിനിധികളും നാട്ടുകാരും പറയുന്നത്‌. സ്ഥലം മാറ്റ ഉത്തരവ്‌ റദ്ദാക്കണമെന്ന്‌ ജില്ലയിലെ എംഎൽഎമാർ വനംമന്ത്രി എ കെ ശശീന്ദ്രനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ചുമതലയേറ്റ്‌ ആറുമാസത്തിനകത്തെ സ്ഥലം മാറ്റം അനുചിതമാണെന്നാണ്‌ ജനപ്രതിനിധികളുടെ അഭിപ്രായം.


No comments