Breaking News

വെള്ളരിക്കുണ്ട് വടക്കാകുന്നിലെ വൻകിട ഖനന നീക്കം; സമരം ശക്തമാക്കാൻ തീരുമാനം മാർച്ച് 20 മുതൽ ദശദിന സത്യാഗ്രഹ സമരം


വെള്ളരിക്കുണ്ട്: ജില്ലാകളക്ടറുടെയും, ജനപ്രതിനിധികളുടെയും, ഉറപ്പുകളുടെയും നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിൽ നിർത്തിവെച്ച വടക്കാകുന്ന് ക്വാറിവിരുദ്ധ സമരം അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് വീണ്ടും ശക്തമാക്കാൻ തീരുമാനം. മാർച്ച് 20 മുതൽ ദശദിന സത്യാഗ്രഹ സമരം നടത്തും. മാർച്ച് 28ന് ജനകീയ കമ്മിറ്റി രൂപീകരണം നടക്കും. വടക്കാകുന്നിന്റെ വിവിധ ഭാഗങ്ങളിലായി ഖനന പ്രവർത്തനങ്ങളും, ക്രഷറുകളും, ടാർ മിക്സർ പ്ലാൻറുമുൾപ്പെടെ വൻകിട പദ്ധതികൾക്കുള്ള നീക്കങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിൽ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളുള്ള പ്രദേശത്ത് ആയിരകണക്കിന് ജനങ്ങളുടെ ജീവനും,ആരോഗ്യ പരമായ ജീവിതത്തിനും, സ്വത്തിനും, നൂറ് കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളത്തിനും ഭീഷണിയാകുന്ന ഖനന നീക്കങ്ങൾക്കെതിരെ കഴിഞ്ഞ നാല് വർഷത്തോളമായി ജനങ്ങൾ സമരമുഖത്താണ്, അൻപത്തി ഒന്നു ദിവസം നീണ്ടു നിന്ന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി സ്ഥലം എം.എൽ.എ. ഇ.ചന്ദ്രശേഖരൻ സമരപന്തൽ സന്ദർശിച്ചിരുന്നു. എം.എൽ.എ. ജനങ്ങളുടെ പരാതികൾ റവന്യു മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും, മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ പ്രദേശങ്ങൾ സന്ദർശിച്ച് ജനങ്ങളുടെ ആശങ്കകൾ ബോധ്യപ്പെടുകയും ചെയ്‌തിരുന്നു. അതിന്റെ ഭാഗമായി ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, സംരക്ഷണ സമിതി പ്രവർത്തകർ എന്നിവരുടെ യോഗം കളക്ടറുടെ ഓഫീസിൽ ചേരുകയും,ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജനപ്രതിനിധികളും,സംരക്ഷണ സമിതി പ്രവർത്തകരും ഉൾപ്പെടെ പ്രദേശങ്ങൾ സന്ദർശിച്ച് പാരിസ്ഥിതികവും, സ്ഥല സംബന്ധമായതുമായ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് തയാറാക്കുന്നതിനും അതേ യോഗം വീണ്ടും ചേർന്ന് യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും യോഗം ചേരുകയോ റിപ്പോർട്ട് സമർപ്പിക്കുകയൊ ചെയ്തിട്ടില്ല. ഉദ്യോഗസ്ഥർ സംരക്ഷണ സമിതി പ്രവർത്തകരെയൊ ജന പ്രതിനിധികളെയൊ അറിയിക്കാതെ ഖനന മാഫിയകളോടൊപ്പം പ്രദേശങ്ങൾ സന്ദർശിച്ച് അവരുടെ വാക്കുകൾക്ക് അനുസരിച്ച് റിപ്പോർട്ട് തയാറാക്കി വരികയാണ്. നിയമ ലംഘനങ്ങളിലൂടെയാണ് ഖനനാനുമതികൾ സ്വന്തമാക്കിയതെന്നും അനുമതികൾക്കായി നിരവധി പ്രമുഖരുൾപ്പെടെ പലരെയും സ്വാധീനിച്ചിട്ടുണ്ടെന്നും പലരും തങ്ങളെ സമീപിച്ചിട്ടുണ്ടെന്നുമുള്ള ഗൗരവകരമായ വെളിപ്പെടുത്തലാണ് ഖനന മാഫിയകളിൽ നിന്ന് ഫോൾ കോളിലൂടെ പുറത്ത് വന്നിട്ടുള്ളത്, റവന്യൂ ഭൂമി ഉൾപ്പെട്ട പ്രദേശത്താണ് ഖനനാനുമതികൾ നേടിയിട്ടുള്ളതെന്നും റീസർവ്വേയിലൂടെ ഭൂമി കണ്ടെത്തി അർഹത പെട്ടവർക്ക് പതിച്ചുനൽകണമെന്നും ആവശ്യപെട്ട് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ ഉൾപ്പെടെ സമരം നടത്തി വരുന്നു.ജനങ്ങളുടെ പരാതികൾക്കൊ, പ്രതിഷേധങ്ങൾക്കൊ വില കൽപ്പിക്കാതെ ഖനന മാഫിയകൾക്ക് അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന ഭരണ- ഉദ്യോഗസ്ഥ, രാഷ്ട്രീയ നിലപാടുകൾക്കെതിരെ ജനങ്ങൾ പ്രതിഷേധം ശക്തമാക്കുകയാണ്, ജില്ലാ കളക്ടറുടെയും ജനപ്രതിനിധികളുടെയും വാക്കുകൾ വിശ്വസിച്ചാണ് നടത്തിവന്ന സമരം ആഴ്ച്ചയിൽ ഒന്നായി ലഘൂകരിച്ചത്, ഈ അവസരത്തിൽ ഖന മാഫിയകൾക്ക് ആവശ്യമായ വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതികൾ നേടിയെടുക്കുന്നതിനുള്ള അവസരമൊരുങ്ങുകയായിരുന്നു. ഈ സാഹചര്യത്തിൽ നിർത്തിവെച്ച സമരം വീണ്ടും ശക്തമാക്കുകയാണ് പ്രദേശവാസികൾ,മാർച്ച് 20 മുതൽ ദശദിന സത്യാഗ്രഹ സമരം ആരംഭിക്കും, മാർച്ച് 28ന് ചേരുന്ന വിപുലീകരണ യോഗത്തിൽ  ജനകീയ കമ്മിറ്റി  രൂപീകരിച്ച് സമരം കൂടുതൽ ശക്തമാക്കാൻ തയാറെടുക്കുകയാണ് ജനങ്ങൾ.

No comments