Breaking News

തുടർച്ചയായ 42 വർഷക്കാലത്തെ സേവനത്തിന് ശേഷം ലിസി ടീച്ചർ പോർക്കളം അംഗൻവാടിയുടെ പടിയിറങ്ങുന്നു.. 3 തലമുറകളെ പരിപാലിച്ച അനുഭവസമ്പത്തുമായ് കോടോംബേളൂരിനോട് വിട ..


ഏഴാംമൈൽ: (www.malayaramflash.com) നീണ്ട നാൽപ്പത്തിരണ്ട് വർഷം ഒരേ അംഗൻവാടിയിൽ ടീച്ചറായി സേവനം ചെയ്യുക എന്നത് ചെറിയ കാര്യമല്ല. മുക്കുഴി സ്വദേശിനിയും ഇപ്പോൾ കാഞ്ഞങ്ങാട് താമസിക്കുന്ന കെ.ജെ ലിസി എന്ന അംഗനവാടി ടീച്ചർക്ക് 42 വർഷത്തെ അനുഭവങ്ങൾ കൈമുതലായുണ്ട്. നാട്ടുകാരിൽ നിന്നുള്ള സ്നേഹവും സഹകരണവുമാണ് ഇത്രയും വർഷം ഒരേ അങ്കനവാടിയിൽ സേവനം ചെയ്യാൻ തനിക്ക് പ്രചോദനമായതെന്ന് ടീച്ചർ പറയുന്നു. 

തൻ്റെ ശിഷ്യരുടെ മൂന്നാം തലമുറയെയാണ് ലിസി ടീച്ചർ ഇപ്പോൾ പഠിപ്പിക്കുന്നത്. മൂന്ന് തലമുറകളായി ആയിരത്തിലധികം ശിഷ്യഗണങ്ങളെ ഒരേ അങ്കനവാടിയിൽ നിന്നും ലഭിച്ച അപൂർവ്വ ഭാഗ്യമാണ് ലിസി ടീച്ചറുടെ കൈമുതൽ. 

1980ൽ കോടോംബേളൂർ ഒന്നാം വാർഡ് പോർക്കളത്ത് വാടക കെട്ടിടത്തിൽ ബാലവാടി രൂപീകരിച്ചാണ് ടീച്ചർ തൻ്റെ സേവനം ആരംഭിക്കുന്നത്. പിന്നീട് മാമ്പളം കുഞ്ഞമ്പു നായർ സൗജന്യമായി വിട്ടു നൽകിയ 10 സെൻ്റ് സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ നിർമ്മിച്ച കെട്ടിടത്തിൽ ബാലവാടി പ്രവർത്തിച്ചു വന്നു. 1986ൽ ബാലവാടിയെ അങ്കൻവാടിയായി പ്രഖ്യാപിച്ചു. അന്ന് തൊട്ട് ഇന്നുവരെ ലിസി ടീച്ചർക്കൊപ്പം ഹെൽപ്പറായി ടി.വി ഓമനയും സേവനം ചെയ്തു വരുന്നു. മൂന്നര പതിറ്റാണ്ടായി ഒരേ അങ്കൻവാടിയിൽ അസ്വാരസ്യങ്ങൾ ഒന്നുമില്ലാതെ ഒരു മെയ്യായി ഇവർ പ്രവർത്തിച്ച് വരുന്നു.

വാഹന സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ആദ്യകാലങ്ങളിൽ ഏഴാംമൈലിൽ നിന്നും കുഞ്ഞുങ്ങളേയും കൂട്ടി കാൽനടയായി പോർക്കളത്തേക്കുള്ള അങ്കനവാടിയിലേക്ക് പോയിരുന്ന അനുഭവങ്ങളും ടീച്ചർ മലയോരംഫ്ലാഷ് റിപ്പോർട്ടറുമായി പങ്കുവച്ചു, വാഹന സൗകര്യങ്ങളില്ലാതിരുന്ന 13 വർഷക്കാലം ടീച്ചർ കുഞ്ഞുങ്ങളെ തൻ്റെ ചിറകിനുള്ളിൽ സുരക്ഷിതമാക്കി റോഡരിക് ചേർന്ന് നടന്ന് അങ്കൻവാടിയിലെത്തിച്ചു.ഗോതമ്പ്, പാൽ എന്നിവയായിരുന്നു അക്കാലത്ത് കുഞ്ഞുങ്ങൾക്ക് നൽകിയിരുന്നത്. 

തുടക്കകാലത്ത് 150 രൂപയായിരുന്നു മാസ ശമ്പളം. ഇപ്പോൾ വേതന വർദ്ധനവ് ഉണ്ടായെങ്കിലും ജോലി ഭാരം ഇരട്ടിയായി വർദ്ധിച്ചുവെന്ന് ടീച്ചർ പറഞ്ഞു. പഴയകാലത്തെ കുട്ടികളേക്കാൾ പുതിയ തലമുറയിലെ കുഞ്ഞുങ്ങളെ പരിപാലിക്കാനും അവരോട് ഇടപെടാനും അത്ര എളുപ്പമല്ലെന്ന്‌ ടീച്ചർ വിലയിരുത്തുന്നു.

2019ൽ ഐ.സി.ഡി.എസിന് കീഴിൽ വന്നതിന് ശേഷം അങ്കൻവാടി പുതിയ കെട്ടിടത്തിലേക്ക് മാറിയെങ്കിലും ഇതുവരെ  ചുറ്റുമതിൽ നിർമ്മിക്കാത്തത് വലിയ സുരക്ഷ പ്രശ്നം സൃഷ്ടിക്കുന്നു. ഏഴാംമൈൽ എണ്ണപ്പാറ റൂട്ടിൽ പോർക്കളത്ത് റോഡരികിലായി  പ്രവർത്തിക്കുന്ന ഈ അങ്കൻവാടിക്ക് ഒരു ചുറ്റുമതിൽ വേണമെന്ന ആവശ്യം നിരന്തരമായി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലമുണ്ടായില്ല. ഇരുപത്തിയഞ്ചോളം കുഞ്ഞുങ്ങൾ കഴിയുന്ന അങ്കൻവാടിക്ക് സമീപത്തായി നിരവധി വാഹനങ്ങൾ ചീറിപ്പായുന്ന റോഡുണ്ട്, ചുറ്റുമതിലിനുള്ളിൽ കുഞ്ഞുങ്ങളെ സുരക്ഷിതരായി ഇരുത്താൻ അധികാരികളുടെ ഇടപെടൽ ഉണ്ടാവണമെന്നാണ് സർവ്വീസിൻ്റെ അവസാന നാളുകളിൽ ടീച്ചർ ആവശ്യപ്പെടുന്ന ഒരേയൊരു കാര്യം. 

കുടുംബത്തോടൊപ്പം കാഞ്ഞങ്ങാട് താമസിക്കുന്ന ലിസിയുടെ ഭർത്താവ് ഫോട്ടോഗ്രാഫറായ ടി.എം ഫിലിപ്പ്. മക്കൾ: സ്റ്റെഫി എലിസബത്ത് ഫിലിപ്പ്, എബിൻ മാത്യു ഫിലിപ്പ്, അമൽജോ ഫിലിപ്പ്.

സ്വന്തം കുഞ്ഞിനെപ്പോലെ സ്നേഹപരിചരണങ്ങൾ നൽകി നേർവഴികാട്ടി ഒരു നാടിൻ്റെ ഭാവി തലമുറയെ വാർത്തെടുക്കുന്നതിന് പിന്നിൽ ലിസി ടീച്ചറുടെ വർഷങ്ങളായുള്ള ആത്മസമർപ്പണവും സേവന സന്നദ്ധതയുമാണെന്ന് പറയാതെ വയ്യ. 

ഏപ്രിൽ 30ന് സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഈ 62കാരിയായ അധ്യാപികയുടെ 42 വർഷത്തെ സേവനം മുൻനിർത്തി ഇന്നുവരെ ഇവരെ ആദരിക്കാനോ അനുമോദിക്കാനോ ആരും മുന്നോട്ട് വന്നില്ല എന്നത് ഖേദകരമാണ്. എങ്കിലും ആരോടും പരിഭവമില്ലാതെ നിറഞ്ഞ സ്നേഹവും പുഞ്ചിരിയും നൽകി ടീച്ചർ തൻ്റെ കുഞ്ഞുങ്ങൾക്ക് മുന്നിൽ നിന്നും പോർക്കളം അങ്കൻവാടിയുടെ പടിയിറങ്ങും..റിപ്പോർട്ട്: ചന്ദ്രു വെള്ളരിക്കുണ്ട്

9496471939

No comments