Breaking News

പാണത്തൂരിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ അപകടം: നാട്ടുകാരുടേയും ചുമട്ടുതൊഴിലാളികളുടേയും സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം


പാണത്തൂർ ∙ പാറക്കടവ് പുല്ലടുക്കത്ത് ജനകീയ ജീപ്പ് മറിഞ്ഞ് യാത്രക്കാരായ 11 പേർക്ക് പരുക്കേറ്റു. പാറക്കടവിലെ രജനി (31),  ഡ്രൈവർ രാഹുൽ (28), കമലാക്ഷി (39), മോഹനൻ നെരോടി (38) അനുഷ ബാബു (13), ചന്ദ്ര പള്ളത്താൻ (50), ജിസ്മി (28), ചിറ്റ (75), ജാനകി (70), ഗീത (51), ബാബു (45) എന്നിവർക്കാണ് പരുക്കേറ്റത്. 


ഇതിൽ സാരമായി പരുക്കേറ്റ 7 പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറക്കടവിൽ നിന്ന് ഇന്നലെ രാവിലെ ഒൻപതരയ്ക്ക് പാണത്തൂരിലേക്ക് പുറപ്പെട്ട ജീപ്പാണ് അപകടത്തിൽ പെട്ടത്. പാറക്കടവിൽ നിന്ന് ഒരു കിലോമീറ്റർ ഇപ്പുറത്ത് കുത്തനെയുള്ള ഇറക്കവും വളവും ഉള്ള പുല്ലടുക്കം എത്തിയപ്പോൾ ജീപ്പിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി പറയുന്നു. മുന്നിലെ കുഴിയിലേക്ക് പോകാതെ ഡ്രൈവർ ജീപ്പ് മൺതിട്ടയിൽ ഇടിച്ച് നിർത്താനുള്ള ശ്രമത്തിനിടെ റോഡിലേക്ക് തന്നെ മറിയുകയായിരുന്നു. നാട്ടുകാരും പാണത്തൂരിലെ ചുമട്ടുതൊഴിലാളികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

No comments