Breaking News

ജില്ലയിലെ സ്‌ക്കളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിൽ


സ്‌ക്കളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റില്‍. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സാക്കീറാണ് (34) വിദ്യാനഗര്‍ പൊലീസും കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ കുടുങ്ങിയത്. അതേ സമയം എംഡിഎംഎ കടത്തടക്കം നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കബീര്‍(23) കാറില്‍ കടത്തുകയായിരുന്ന 1.100 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച് കടന്നു കളഞ്ഞതായും പൊലീസ് അറിയിച്ചു. പിടിയിലായ സാക്കീര്‍ 2021 ഡിസംബര്‍ 5ന് ചെര്‍ക്കള കെ.കെ പുറത്ത് വെച്ച് കെ.എല്‍ 59-7680 നമ്പര്‍ മാരുതി കാറില്‍ 2.100 കിലോ കഞ്ചാവ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട കേസിലും, കര്‍ണാടകയില്‍ നിന്നും 22 കിലോ കഞ്ചാവ് ബസില്‍ കടത്തുന്നതിനിടെ മഞ്ചേശ്വരം ചെക് പോസ്റ്റില്‍ വെച്ച് പിടികൂടിയപ്പോള്‍ ഓടി രക്ഷപ്പെട്ട കേസിലും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. കബീര്‍ വിദ്യാനഗര്‍ കല്ലക്കട്ടയില്‍ ഉപേക്ഷിച്ച കാറില്‍ നിന്ന് തിങ്കളാഴ്ച്ച വൈകീട്ടാണ് എസൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് ജീപ്പ് പരിശോധനയ്ക്കായി, നിര്‍ത്തിയിട്ടിരുന്ന കാറിന് കുറുകെ ഇട്ടപ്പോള്‍ കബീറും മറ്റൊരാളും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ ജോയി ജോസഫ്, പ്രിവന്റീവ് ഓഫീസര്‍ സുധീന്ദ്രന്‍, ഓഫീസര്‍മാരായ ദിവാകരന്‍, അജീഷ്, മോഹന്‍കുമാര്‍, മനോജ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

No comments