Breaking News

മാധ്യമപ്രവർത്തക ശ്രുതിയുടെ മരണം, അന്വേഷണത്തിന് പ്രത്യേക സംഘം



ബംഗ്ലൂരു : റോയിട്ടേഴ്സിലെ മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ മരണത്തില്‍ ബെംഗ്ലൂരു പൊലീസ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. വൈറ്റ്ഫീല്‍ഡ് മഹാദേവപുര എസിപിക്കാണ് അന്വേഷണ ചുമതല. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ശ്രുതിയുടെ മരണത്തില്‍ അന്വേഷണം ഇഴയുന്നതിനെതിരെ കുടുംബം കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അന്വേഷണ സംഘത്തിന് ചുമതല നല്‍കിയത്.

ബെംഗ്ലൂരുവിലെ ഫ്ലാറ്റില്‍ കഴിഞ്ഞ മാസം 21 നാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐടി ജീവനക്കാരനായ ഭര്‍ത്താവ് അനീഷ് കോറോത്തിന്‍റെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ശ്രുതിയുടെ കുടുംബത്തിന്‍റെ ആരോപണം. ഒരു മാസം പിന്നിട്ടിട്ടും ഒളിവില്‍ പോയ അനീഷിനെ കണ്ടെത്താന്‍ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല.

മരണം നടന്നതിന് രണ്ട് ദിവസം മുന്‍പേ ഭര്‍ത്താവ് അനീഷ് കോറോത്ത് ബെംഗ്ലൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് പോയിരുന്നതായാണ് വിവരം. മൈസൂരുവില്‍ ഒരു സുഹൃത്തിന്‍റെ വസതിയിലെത്തിയിരുന്നു. പിന്നീട് നാട്ടിലേക്ക് മടങ്ങുന്നുവെന്ന് പറഞ്ഞാണ് അവിടെ നിന്നും പോയത്. ശ്രുതിയുടെ മരണവിവരം പുറത്തറിഞ്ഞ ശേഷം അനീഷ് ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. എവിടെയാണെന്ന് അറിയില്ലെന്നാണ് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്.

ഭര്‍തൃപീഡനം ആത്മഹത്യയിലേക്ക് വഴിവച്ചെന്ന നിഗമനത്തിലാണ് പൊലീസ്. ശ്രുതിയെ അനീഷ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ശ്രുതിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഫ്ലാറ്റില്‍ നിന്ന് ഓഫീസിലേക്ക് പോകുന്ന വഴി ശ്രുതിയെ അനീഷ് പിന്തുടര്‍ന്നിരുന്നു. ഫ്ലാറ്റില്‍ നിന്ന് ദിവസവും ബഹളം കേള്‍ക്കാറുണ്ടായിരുന്നുവെന്ന് സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.




ശ്രുതിയുടെ ശമ്പളം വീട്ടുകാര്‍ക്ക് നല്‍കുന്നത് അനീഷ് എതിര്‍ത്തിരുന്നു. ശ്രുതി എഴുതിയ മൂന്ന് ആത്മഹത്യാക്കുറിപ്പുകള്‍ ഫ്ലാറ്റില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് അനീഷിന്‍റെ പീഡനം സഹിക്കാനാവുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ ഒന്നില്‍ ശ്രുതി എഴുതിയിട്ടുണ്ട്.

No comments