Breaking News

മലയോര ഹൈവേയിൽ കോളിച്ചാൽ-ചെറുപുഴ റീച്ചിൽ ഗതാഗത തടസം നീക്കണമെന്നാവശ്യം: സിപിഐഎം നേതൃത്വത്തിൽ കാഞ്ഞങ്ങാട് കെആർഎഫ്ബി ഓഫീസ് ഉപരോധിച്ചു


വെള്ളരിക്കുണ്ട്:  മലയോര ഹൈവേ കോളിച്ചാൽ ചെറുപുഴ റീച്ചിൽ ഗതാഗത തടസം നീക്കാൻ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥ അനാസ്ഥയിൽ പ്രതിഷേധിച്ച് സിപിഐഎം കെആർഎഫ്ബി ( കേരള റോഡ് ഫണ്ട് ബോർഡ്) കാഞ്ഞങ്ങാട് ഓഫീസ് ഉപരോധിച്ചു. മഴ ശക്തമായതോടെ മണ്ണിടിച്ചിൽ ഉൾപ്പെടെ ഉണ്ടായി ഗതാഗത തടസം ഉണ്ടായപ്പോൾ അറ്റകുറ്റ പണി നടത്തി ഗതാഗത സൗകര്യം ഒരുക്കാൻ 15 ലക്ഷം രുപ അനുവദിച്ചിട്ടും നടപടി എടുക്കാതെ ജനങ്ങളെ  ബുദ്ധിമുട്ടിക്കുകയാണ് ഉദ്യോഗസ്ഥർ. ഈ റോഡിൽ സർവീസ് നടത്തുന്ന ബസുകൾ ഉൾപ്പെടെ സർവീസ് നടത്താനാകാതെ ദുരിതത്തിലായിട്ടും അധികൃതർ അവഗണിച്ചതോടെയാണ് സിപിഐഎം ഓഫീസ് ഉപരോധിച്ചത്. ഉത്തരവാദപ്പെട്ട എക്സിക്യൂട്ടീവ് ഓഫീസർ ഫോൺ എടുക്കാൻ പോലും തയ്യാറായില്ല. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എർജിനീയർ സി ജെ കൃഷ്ണൻ, അസിസ്റ്റന്റ് എൻജിനീയർ രവീന്ദ്രൻ എന്നിവരെ സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം സാബു അബ്രഹാം, ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ, ഏരിയാ സെക്രട്ടറി ടി കെ സുകുമാരൻ, ഏരിയാ കമ്മിറ്റി അംഗം ടി പി തമ്പാൻ, മാലോം ലോക്കൽ സെക്രട്ടറി കെ ദിനേശൻ എന്നിവരുടെ നേതൃത്വത്തിൽ ഉപരോധിച്ചു. വിവരം അറിഞ്ഞ എം രാജഗോപാലൻ എംഎൽഎ മന്ത്രി പി എ മുഹമ്മദ് റിയാസ്, കിഫ്ബി ഡയറക്ടർ ഡിങ്കി എന്നിവരുമായി ബന്ധപ്പെട്ട് തിങ്കൾ മുതൽ ഗതാഗത തടസം നീക്കാനുള്ള പ്രവർത്തി തുടരാൻ നിർദേശം  നൽകിയ ശേഷമാണ് ഉപരോധം അവസാനിച്ചത്.

No comments