Breaking News

രാജിക്കത്ത് ഗവർണർക്ക് സമർപ്പിച്ച് ഉദ്ധവ് താക്കറെ; ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട്; സർക്കാർ രൂപീകരിക്കാൻ ബിജെപി ചർച്ച തുടങ്ങി


മുംബെെ: നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട ഉദ്ധവ് താക്കറെയുടെ രാജിക്ക് ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ജുലൈ ഒന്നിന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ബിജെപിയും ശിവസേന വിമതരും ഇതിനോടകം തന്നെ സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. ഉദ്ധവിന്റെ രാജി ജനങ്ങളുടെ വിജയമാണെന്ന് ബിജെപി പ്രതികരിച്ചു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെ ഉദ്ധവ് താക്കറെ അപമാനിച്ചുവെന്നും അതുകൊണ്ടാണ് രാജിവയ്ക്കേണ്ടി വന്നതെന്നും ബിജെപി നേതാവ് സയ്ദ് ഷാനവാസ് ഹുസൈൻ പറഞ്ഞു. ജനവിധിയെ ബഹുമാനിച്ചില്ലെങ്കിൽ എന്താണു സംഭവിക്കുകയെന്ന് അവർ പഠിച്ചതിൽ സന്തോഷമുണ്ടെന്നും സയ്ദ് കൂട്ടിച്ചേർത്തു.

ഉദ്ധവ് താക്കറെ രാജിപ്രഖ്യാപിച്ചതിനു പിന്നാലെ മഹാ അഘാഡി സർക്കാരിന്റെ പതനം ബിജെപി ആഘോഷിച്ചു. ബിജെപി എംഎൽഎമാർ താമസിക്കുന്ന താജ് പ്രസിഡന്റ് ഹോട്ടലിൽ ലഡു വിതരണം ചെയ്ത് ആഘോഷം നടന്നു. മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്, മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടിൽ തുടങ്ങിയവർ മധുരം നൽകി സന്തോഷം പങ്കിട്ടു. വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച നടത്തണമെന്നു സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഉദ്ധവ് താക്കറെ ഫെയ്സ്ബുക്കിലൂടെ രാജി പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നിയമസഭാ കൗൺസിൽ അംഗത്വത്തിൽ നിന്നും രാജിവച്ച താക്കറെ ശിവസേന പ്രവ‍ർത്തകരെ വൈകാരികമായി ഉണർത്താനുള്ള ശ്രമവും ആരംഭിച്ചു കഴിഞ്ഞു. തീർത്തും വൈകാരികമായ രാജിപ്രഖ്യാപന പ്രസംഗത്തിൽ ഉടനീളം സാധാരണക്കാരായ ശിവസേന പ്രവർത്തകരെ സ്പർശിക്കാനുള്ള ശ്രമമായിരുന്നു താക്കറെ നടത്തിയത്. മഹാരാഷ്ട്ര മന്ത്രിസഭയിലെ മന്ത്രിമാരിൽ ഇനി മകൻ ആദിത്യ താക്കറെ മാത്രമാണ് അദ്ദേഹത്തിനൊപ്പമുള്ളത്. അവശേഷിച്ച ശിവസേന എംഎൽഎമാരുമായി ഷിൻഡേ ക്യാംപിനെതിരെയുള്ള പോരാട്ടത്തിന് ഉദ്ധവ് താക്കറെ തുടക്കം കുറിക്കും.

No comments