Breaking News

ഉദയ്പൂർ കൊലപാതകം: പ്രതികൾ ചാവേറാക്രമണങ്ങൾ പദ്ധതിയിട്ടിരുന്ന ഗ്രൂപ്പുകളിൽ അംഗങ്ങൾ, എൻഐഎ ഇന്ന് ചോദ്യംചെയ്യും



ദില്ലി: ഉദയ്പൂര്‍ കൊലപാതക കേസിലെ പ്രതികളെ എന്‍ഐഎ ഇന്ന് ചോദ്യം ചെയ്യും. ചാവേർ ആക്രമണങ്ങൾ പദ്ധതിയിട്ടിരുന്ന ചില ഓൺലൈൻ ഗ്രൂപ്പുകളിൽ പ്രതികൾ അംഗങ്ങളായിരുന്നുവെന്ന് കണ്ടെത്തലുണ്ട്. പ്രതിയായ മുഹമ്മദ് ഗൂസെയുടെ പാക് സന്ദർശനം സംശയകരമെന്നാണ് പൊലീസ് പറയുന്നത്. കേസിൽ ആകെ ഏഴ് പേർ കസ്റ്റഡിയിലുണ്ട്.

ഉദയ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ രാഷ്ട്രീയ പാർട്ടികൾ തീരുമാനമെടുത്തിരുന്നു. ഇന്നലെ നടന്ന സർവകക്ഷി യോഗം കൊലപാതകത്തെ അപലപിക്കുകയും അക്രമങ്ങളിലേക്ക് തിരിയരുത് എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. അതേ സമയം സർക്കാരിന്‍റെ കഴിവുകേടാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന വിമർശനം ബി ജെ പി ശക്തമാക്കുകയാണ്.

കൊലപാതകത്തെ കുറിച്ച് പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിൽ പ്രതികൾക്ക് പാക് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിൽ കൂടുതൽ തെളിവ് കണ്ടെത്താനാണ് രാജസ്ഥാൻ പൊലീസും എൻഐഎയും ശ്രമിക്കുന്നത്. അറസ്റ്റിലായ മുഹമ്മദ് റിയാസിന് പാക് സംഘടനയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഇയാളുടെ ഫോണിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഇതിനിടെ സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ജയ്പൂരിൽ വ്യാപാരികൾ ബന്ദ് നടത്തും. സംഘർഷംഉണ്ടാകാതിരിക്കാൻ ദില്ലി. ഉത്തർപ്രദേശ് സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്.

No comments