Breaking News

നല്ല ആലോചനകൾ വാഗ്ദാനം ചെയ്ത് പണം വാങ്ങി, വിവാഹം നടന്നില്ല; പാലക്കാട് യുവാവ് ബ്രോക്കറെ കുത്തിക്കൊന്നു


കൊപ്പം: പാലക്കാട് കൊപ്പയിൽ നല്ല വിവാഹ ആലോചനകൾ വാ​ഗ്ദാനം ചെയ്ത് പണം വാങ്ങി പറ്റിച്ച ബ്രോക്കറെ കുത്തികൊന്ന് യുവാവ്. വണ്ടുംതറ കടുകതൊടി പടിഞ്ഞാറേതില്‍ അബ്ബാസാണ് (64) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലായ മഞ്ചക്കല്ല് കുണ്ടില്‍ മുഹമ്മദലിയെ (40) കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദലിക്ക് നല്ല വിവാഹ ആലോചനകൾ കൊണ്ടുവരാമെന്ന് പറഞ്ഞ് അബ്ബാസ് 10,000 രൂപ വാങ്ങിയിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിലാണ് അബ്ബാസിനെ കൊലപ്പെടുത്തിയത്. ഇന്നലെ പുലർച്ചെ 6.30 യോടെയാണ് സംഭവം. അബ്ബാസിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വീടിന്റെ മുമ്പിൽ തന്നെവെച്ചാണ് മുഹമ്മദലി ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദലി കൈയിലുണ്ടായിരുന്ന കത്തി ഉപയോ​ഗിച്ച് അബ്ബാസിനെ കുത്തുന്നത് തടയാൻ മകൻ ശിഹാബ് ശ്രമിച്ചെങ്കിലും മുഹമ്മദലി അദ്ദേഹത്തെയും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ശിഹാബിന്റെ കൈകൾക്ക് പരുക്കേറ്റെന്നും എസ് ഐ പറഞ്ഞു.

അബ്ബാസിനെ ആക്രമിച്ച ശേഷം മുഹമ്മദലി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റ അബ്ബാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം മരിച്ചു. മണിക്കൂറുകൾക്കുള്ളിൽ തന്നെ എസ് ഐ എം ബി രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മുഹമ്മദലിയെ പിടികൂടി. മുഹമ്മദലിക്ക് നല്ല വിവാഹ ആലോചനകൾ കൊണ്ടുവരുമാമെന്ന് അബ്ബാസ് പറഞ്ഞെങ്കിലും കൊണ്ടുവന്നിരുന്നില്ല. മുഹമ്മദലി പണം തിരിച്ച് ആവശ്യപ്പെട്ടെങ്കിലും ബ്രോക്കർ പണം നൽകിയില്ല. മുമ്പും പണത്തിന്റെ കാര്യം ചൊല്ലി രണ്ട് പേരും തമ്മിൽ തർക്കങ്ങളുണ്ടായിട്ടുണ്ട്. ഇതേ തുടർന്നുള്ള വൈരാ​ഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും എസ് ഐ എം ബി രാജേഷ് പറഞ്ഞു.

ഓട്ടോയിൽ കയറി പോയ പ്രതിയെ രഹസ്യവിവരത്തെ തുടർന്നാണ് ഇടുതറയിൽവെച്ച് പൊലീസ് പിടികൂടിയത്. അബ്ബാസിനെ കുത്താനുപയോഗിച്ച കത്തി ഇടുതറയിലെ കുറ്റിക്കാട്ടില്‍നിന്നാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ട അബ്ബാസിന്റെ വീട്ടിലും മുഹമ്മദലിയെ എത്തിച്ച് തെളിവെടുത്തു. തുടര്‍ന്ന്, പട്ടാമ്പി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

No comments