Breaking News

നാടിന് ഉത്സവഛായ പകർന്ന് വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്തിൽ നടന്ന 'മഴപ്പൊലിമ'



കുന്നുംകൈ: മണ്ണിനെയും  മഴയെയും  അറിയുന്നതിനും തരിശ് നിലങ്ങൾ കൃഷി യോഗ്യമാക്കുന്നതിനും വേണ്ടി വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും കമ്മാടം അമ്പലം വയലിൽ നടത്തിയ മഴപ്പൊലിമ നാടിനാകെ ഉത്സവമായി. കാര്‍ഷിക സംസ്‌കൃതിയെ മുറുകെ പിടിച്ച് പഴമയിലാണ്ട നാട്ടുപ്പാട്ടുകളുടെ വായ്ത്താരികള്‍ മുഴക്കുകയാണ് കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ  'മഴപ്പൊലിമ' യില്‍ നാട്ടുകൂട്ടം ഒത്തുകൂടി മഴയും കൃഷിയും സൗഹൃദവും ആഘോഷമാക്കിയത്. തരിശു ഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, പൊതു ജനങ്ങളെ, പ്രത്യേകിച്ച് യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, ജില്ലയുടെ കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ കുടുംബശ്രീ ജില്ലാ മിഷന്‍ ആവിഷ്‌കരിച്ച കാര്‍ഷിക പുനരാവിഷ്‌കരണ പരിപാടിയാണ് മഴപ്പൊലിമ. ചേറാണ് ചോറ് എന്നതാണ് മഴപ്പൊലിമയുടെ സന്ദേശം. തരിശാക്കാതെ അധ്വാനിച്ച് വിളവെടുക്കേണ്ട ഇടമാണ് ഓരോ നെല്‍വയലുകളെന്നും മഴപ്പൊലിമ ഓര്‍മപ്പെടുത്തുന്നു.  കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കാനായി 2017 ലാണ് കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ മഴപ്പൊലിമയ്ക്ക് തുടക്കം കുറിച്ചത്. പാടത്തിറങ്ങിയുള്ള ആഘോഷങ്ങള്‍ക്കൊപ്പം   എല്ലാവരും അടുത്ത വര്‍ഷം വിളവെടുക്കാനുള്ള ഞാറും നടും. പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്കായി വയലില്‍ കലാ– കായിക മല്‍സരങ്ങളും സംഘടിപ്പിച്ചു. തിരുവാതിരയും, നിധി കണ്ടെത്തലും, ഫുടബോൾ, നാട്ടിപ്പാട്ടു മറ്റു നാടൻ കലാപരിപാടികൾ പരിപാടിക്ക് മാറ്റുകൂട്ടി. കമ്മാടം ടൗണിൽ നിന്ന് അമ്പല  വയലിലേക്ക്  നടന്ന ഘോഷയാത്രയിൽ നിരവധി ആളുകൾ പങ്കെടുത്തു. രാജ് മോഹൻ ഉണ്ണിത്താൻ എം പി വയലിൽ ഞാറു നട്ടു ഉദ്ഘാടനം ചെയ്തു. പൊതു പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ ഉദ്‌ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ സൗദാമിനി വിജയൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ, ബ്ലോക്‌ പഞ്ചായത്ത് അംഗം ജോസ് കുത്തിയതോട്ടിൽ, വാർഡ് മെമ്പർമാരായ മോളിക്കുട്ടി പോൾ, കെ കെ തങ്കച്ചൻ, എം വി ലിജിന, ശരീഫ് വാഴപ്പള്ളി, റൈഹാനത്ത്, ഇ റ്റി ജോസ്, രാക്ഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി കെ രാജൻ നായർ, എ ദുൽകിഫിലി, യു കരുണാകരൻ, എം വി കുഞ്ഞമ്പു എന്നിവർ പ്രസംഗിച്ചു.

No comments