Breaking News

കാലിച്ചാനടുക്കം ശാസ്താംപാറയിൽ ആശ്രയം നഷ്ടമായ കുടുംബത്തിന് കരുതലിന്റെ സന്ദേശവുമായി പഞ്ചായത്തംഗവും നാട്ടുകാരും


കാലിച്ചാനടുക്കം : കഴിഞ്ഞ ആഴ്ച ശാസ്താംപാറയിൽ മരിച്ച പി.ആർ രതീഷ് ഒരു കുടുംബത്തിന്റെ അത്താണി ആയിരുന്നു. കൂലി വേല മാത്രമായിരുന്നു കുടുംബത്തിന്റെ ആകെ വരുമനം. രതീഷ് കർണ്ണാടകയിൽ റബ്ബർ ടാപ്പ് ചെയ്തും ഭാര്യ രുഗ്മിണി വാർപ്പിന്റെ പണിക്ക് പോയുമാണ് വീട്ടിലെ ചിലവും മക്കളുടെ വിദ്യാഭ്യാസവും നടത്തിയിരുന്നത്. മകൻ പോളി ടെക്നിക്കിലും മകൾ തായന്നൂർ സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയുമാണ്. ഇവർ താമസിക്കുന്ന വീട് ഒരു സുരക്ഷയുമില്ലാതെ ഇടിഞ്ഞ് വീഴാറായതാണ്. ചുമരുകൾ തേച്ചിട്ടില്ലാത്തതിനാൽ വലിയ വിടവുകൾ ഉണ്ടായിരുന്നു. പാമ്പുകൾ കയറിയാൽ പോലും അറിയില്ല, വീടിന്റെ മുകൾവശത്തും അടുക്കള ഭാഗത്തും വാതിലുകൾ ഇല്ല. ഈ അവസ്ഥയിലാണ് പന്ത്രണ്ടാം വാർഡ് മെമ്പർ അഡ്വ.പി.ഷീജയുടെ നേതൃത്ത്വത്തിൽ യോഗം ചേർന്ന് വീടിന്റെ അറ്റകുറ്റ പണികൾ നടത്താൻ തീരുമാനിച്ചത്. ഏകദേശം 15 ഓളം ആൾക്കാർ രാവിലെ തന്നെ പണി എടുക്കാൻ തയ്യാറായി വരുകയും അത്യാവശ്യം വേണ്ടുന്ന ജോലികൾ തീർത്തു കൊടുക്കുകയും ചെയ്തു. രണ്ട് ഭാഗത്ത് വാതിലുകൾ പിടിപ്പിച്ചു. റൂമുകൾ സി.സി ചെയ്ത് ചുമരുകൾ എല്ലാം പോയിന്റ് ചെയ്ത് ഭംഗിയാക്കി. പി.ബാലചന്ദ്രൻ, പ്രശാന്ത് ശാന്‌താംപാറ, നാരായണൻ, ബാബു ഊരുമൂപ്പൻ കൃഷ്ണൻ, സനീജ് ആനപ്പെട്ടി, വിനേശൻ, ബാബു ശാസ്താംപാറ, രജനീഷ്, സുരേഷ്, ഭവാനി,യമുന, നാരായണി, ബിന്ദു എന്നിവർ നേതൃത്വം നൽകി

No comments