Breaking News

മുള്ളേരിയ കാടകത്ത്‌ ഗർഭിണി കാട്ടുപോത്തിന് ദാരുണാന്ത്യം


മുള്ളേരിയ : കാടകം കർമംതോടി ബാളക്കണ്ടത്ത് അപകടത്തിൽ പെട്ട കാട്ടിക്ക്‌ (കാട്ടുപോത്ത്) ദാരുണാന്ത്യം. ചൊവ്വ പുലർച്ചെ ആറരയോടെ വനംവകുപ്പ് ക്യാമ്പ് ഷെഡിന് സമീപത്ത് യാത്രക്കാരാണ്‌ ഗർഭിണിയായ കാട്ടി അപകടത്തിൽ പെട്ടതായി കണ്ടത്. ഏഴുവയസ്സ് പ്രായയുമുള്ള കാട്ടിയുടെ മുൻവശത്തെ കാലും ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്‌.
മുള്ളേരിയ മൃഗാശുപത്രിയിൽ നിന്ന് വെറ്ററിനറി ഡോക്ടർ ഇ എൻ ശ്രീവിനും ഉയർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പത്തരയോടെ ഉദ്യോഗസ്ഥരെത്തി ചികിത്സക്കുള്ള ഒരുക്കം നടത്തി. അപകടത്ത് സ്ഥലത്ത് നിന്ന് അമ്പത് മീറ്ററോളം കാട്ടി ഇഴഞ്ഞുനീങ്ങിയിട്ടുണ്ട്‌. പകൽ11ന്‌ നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും ചേർന്ന് കഴുത്തിൽ കുരുക്കുള്ള കയറിട്ട് ബന്ധിച്ചു. തുടർന്ന് മയക്കുസൂചി നൽകി. അൽപം മയങ്ങിയ കാട്ടിയുടെ കാലുകളും ബന്ധിച്ചെങ്കിലും മയക്കം വിട്ട കാട്ടുപോത്ത് ജീവനായി പിടഞ്ഞു. തലങ്ങും വിലങ്ങും വീണു.
മയക്കി ചികിത്സ
-പൂർണമായ മയക്കത്തിലാക്കാൻ കൂടുതൽ ശേഷിയുള്ള മയക്കുസൂചി നൽകണമായിരുന്നു. എന്നാൽ ഇതിനായി ചീഫ് വൈൽഡ്‌ ലൈഫ് വാർഡന്റെ പ്രത്യേക ഉത്തരവ് വേണ്ടതിനാൽ അവരെയും ബന്ധപ്പെട്ടു. ചികിത്സ നടത്താൻ പ്രത്യേകം സ്ഥലമൊരുക്കിയും എടുത്തുയർത്താൻ ക്രയിനും എത്തിച്ചു. എന്നാൽ നാലരയോടെ കാട്ടി ചത്തു. മണ്ണുമാന്തി യന്ത്രമെത്തി കുഴിയും തയ്യാറാക്കിയ ശേഷം വെറ്ററിനറി ഡോക്ടർമായ ഇ എൻ ശ്രീവിൻ, വിഷ്ണു വേലായുധൻ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി.
രണ്ടരമീറ്റർ നീളവും 400 കിലോ ഭാരവുമുള്ള കാട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ മറവ് ചെയ്തു. ഉത്തരമേഖലാ വനം മേധാവി ഡി കെ വിനോദ്‌കുമാർ, സാമൂഹിക വനവൽക്കരണ വിഭാഗം മേധാവി പി ധനേഷ് കുമാർ, കാസർകോട് റേഞ്ച് ഓഫീസർ ടി ജി സോളമൻ, കാറഡുക്ക സെക്ഷൻ ഫോറസ്ററ് ഓഫീസർ എൻ വി സത്യൻ എന്നിവർ നേതൃത്വം നൽകി.
ഉദ്യോഗസ്ഥരും പെട്ടു
ദ്രുതകർമ സേനയുടെ വാഹനം കട്ടപ്പുറത്തായത് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പെട്ടന്ന് സ്ഥലത്ത് എത്താൻ കഴിയാതെയായി. കാട്ടാനയെ തുരത്താനും ഓഫീസ് ആവശ്യങ്ങൾക്കും അടിയന്തിര കാര്യങ്ങൾക്ക് കാറഡുക്ക വനം മേഖലാ പരിധിയിൽ ഉപയോഗിച്ച വാഹനം മാസങ്ങളായി കട്ടപ്പുറത്താണ്.
വീണതോ വാഹനമിടിച്ചതോ?
-കാട്ടി വീണതെങ്ങിനെ എന്നതിൽ അവ്യക്തതയുണ്ട്‌. വാഹനമിടിച്ചത് എന്നാണ് നാട്ടുകാർ പറയുന്നതെങ്കിലും കാൽമുട്ടിന് താഴെ മാത്രമാണ് പരിക്ക്. മുഖത്ത് മുറിവില്ല. ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ കാലൊടിഞ്ഞതാകാനും സാധ്യതയുണ്ടെന്ന് വനംവകുപ്പ് അധികൃതരും പറയുന്നു. ബാളക്കണ്ടത്തെ കൃഷിയിടത്തിൽ നിന്നും കാട്ടി വന്ന പാടുകളുണ്ട്.


No comments