Breaking News

മെറ്റയും ഗൂ​ഗിളും ആമസോണും ഇന്ത്യൻ മാധ്യമ കമ്പനികൾക്ക് പ്രതിഫലം നൽകേണ്ടിവരും; നീക്കവുമായി കേന്ദ്ര സർക്കാർ


ന്യൂഡല്‍ഹി: വന്‍കിട ടെക്ക് കമ്പനികളായ ​ഗൂ​ഗിൾ, ആമസോണ്‍, മെറ്റ, ട്വിറ്റര്‍ പോലുള്ളവ ഇന്ത്യന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം പങ്കുവെക്കുന്ന രീതി രാജ്യത്ത് നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ. വാർത്താ ഉള്ളടക്കങ്ങളുടെ യഥാർഥ സൃഷ്ടാക്കൾക്ക് വരുമാനത്തിന്റെ പങ്ക് നല്‍കണമെന്ന് ഉത്തരവിട്ട ഓസ്ട്രേലിയെയും ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളേയും മാതൃകയാക്കിയാവും കേന്ദ്രത്തിന്റെ നടപടി. നിലവിൽ ഇതിനായുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഐടി നിയമങ്ങള്‍ പുതുക്കുന്നതിന്റെ ഭാഗമായാവും ഇത് നടപ്പിലാക്കുകയെന്നും കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്ര ശേഖര്‍ പറഞ്ഞു. പരസ്യ വരുമാനം മുഴുവൻ വൻകിട ടെക്ക് കമ്പനികൾക്കാണ് ലഭിക്കുന്നത്. ഇതിന്റെ വരുമാനം ഇന്ത്യൻ മാധ്യമ സ്ഥാപനങ്ങൾക്ക് ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പുതിയ നിയമങ്ങള്‍ ഒരുക്കുന്നത് ഗൗരവമായി പരിശോധിച്ച് വരുകയാണെന്ന് ഐടി മന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ ഉള്ളടക്കങ്ങളുടെ പരസ്യ വരുമാനം മാധ്യമസ്ഥാപനങ്ങളുമായി പങ്കുവെക്കുന്നതിന് നിയമനിര്‍മാണം നടത്താനുള്ള സര്‍ക്കാര്‍ നീക്കം സംബന്ധിച്ച ആദ്യ ഔദ്യോഗിക പ്രതികരണമാണിത്. ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, സ്‌പെയ്ന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഈ വരുമാനം പങ്കുവെക്കല്‍ നിര്‍ബന്ധിതമാക്കി നിയമം പാസാക്കിയിട്ടുണ്ട്. അടുത്തിടെ കാനഡയും ഈ നിയമം പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്.


No comments