Breaking News

ഈറ്റ് റൈറ്റ് ക്യാമ്പസ്: വെള്ളച്ചാൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിന് പഞ്ചനക്ഷത്ര പദവി  


പട്ടികജാതി വികസന വകുപ്പിനു കീഴിൽ കാസർഗോഡ് ജില്ലയിലെ വെളളച്ചാലിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ ഗവ: മോഡൽ റസിഡൻഷ്യൽ സ്കൂളിന് കേന്ദ്ര സർക്കാറിന്റെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിറ്റി ഓഫ് ഇൻഡ്യയുടെ ഈറ്റ് റൈറ്റ് ക്യാമ്പസ്  പഞ്ചനക്ഷത്ര പദവി ലഭിച്ചു.

   കഴിഞ്ഞ വർഷം ജില്ലയിൽ ആദ്യമായി  കേന്ദ്ര സർവ്വകലാശാലക്ക് ഈ പദവി ലഭിച്ചിരുന്നു. ഈ  റേറ്റിങ് നേടുന്ന സംസ്ഥാനത്തെ ആദ്യ സ്കൂൾ ഹോസ്റ്റലാണ് വെള്ളച്ചാൽ എം ആർ എസ്.  

  സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഈറ്റ് റൈറ്റ് ഇൻഡ്യ. ഇതിന്റെ ഭാഗമായാണ് സർവ്വകലാശാലകൾ, കോളേജുകൾ, സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവക്കായി ഈറ്റ് റൈറ്റ് ക്യാമ്പസ് പരിപാടി ആരംഭിച്ചത്.

 എം ആർ എസ് ക്യാമ്പസിലെ അടുക്കള എഫ് എസ് എസ് എെക്കു കീഴിൽ രിജിസ്റ്റർ ചെയ്ത് മുഴുവൻ ജീവനക്കാരും   പരിശീലനം പൂർത്തിയാക്കുകയും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും ചെയ്തു.

  സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ജീവനക്കാർ ഇടവിട്ട് സ്ഥാപനം സന്ദർശിച്ച് ഗുണമേന്മ ഉറപ്പ് വരുത്തി. പാചകത്തിന് ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളും തയ്യാർ ചെയ്ത ഭക്ഷണവും പരിശോധനക്കു വിധേയമാക്കി. എഫ് എസ് എസ് ഐ യുടെ എം പാനൽ ചെയ്ത തേർഡ് പാർട്ടി ഓഡിറ്റും പൂർത്തിയാക്കിയാണ് സർട്ടിഫിക്കറ്റ് നൽകിയത്.

 മൂന്നോ അതിലധികമോ നക്ഷ്ത്രങ്ങൾ നേടിയ സ്ഥാപനങ്ങളെയാണ് ഈറ്റ് റൈറ്റ് ക്യാമ്പസായി സാക്ഷ്യപ്പെടുത്തുന്നത്.   എം ആർ എസ്  വെള്ളച്ചാലിന് ഇതിൽ ഫൈവ് സ്റ്റാറോടെ ഏറെ മികവ് പുലർത്താൻ സാധിച്ചു. രണ്ട് വർഷത്തേക്കാണ് സർട്ടിഫിക്കേഷൻ സാധുത.

 വകുപ്പിന്റെ കീഴിലുള്ള വെള്ളച്ചാൽ എം ആർ എസിന് ദേശീയാഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും വകുപ്പിനു കീഴിലെ എസ്സാ ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികൾക്കും  ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കാൻ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും  ജില്ലാ പട്ടികജാതി വികസന ഓഫീസർ മീനാറാണി  എസ് പറഞ്ഞു.

കൊടക്കാട് വില്ലേജിൽ 8.18 ഏക്കർ വിസതൃതിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള വിശാലമായ എം ആർ എസ് ക്യാമ്പസിൽ നിലവിൽ 182 കുട്ടികൾ പഠിക്കുന്നു.  ഭക്ഷണ താമസ പഠന സൗകര്യങ്ങളെല്ലാം സൗജന്യാണ്. സംഗീതം, അഭിനയം, ചിത്രരചന, പ്രസംഗം, എഴുത്ത് തുടങ്ങിയ കലാ സാഹിത്യ മേഖലയിലും കായിക രംഗത്തും മികച്ച പരിശീലനമാണ് നൽകുന്നത്. 2002 ൽ സ്ഥാപിതമായ വെള്ളച്ചാൽ എം ആർ എസിൽ നിന്നും 2008 ലെ ആദ്യ എസ് എസ് എൽ സി ബാച്ചു മുതൽ തുടർച്ചയായി 15 ബാച്ചുകൾ 'മികച്ച ഗ്രേഡോടെ  നൂറ് ശതമാനം വിജയം നേടിയിട്ടുണ്ട്.  

No comments